വെടിമറ മാലിന്യസംഭരണ കേന്ദ്രത്തിൽ ബയോ മൈനിങ്ങിന് ഒരുക്കമാകുന്നു
text_fieldsവെടിമറ മാലിന്യസംഭരണ കേന്ദ്രത്തിൽ ബയോ മൈനിങ് ആരംഭിക്കാൻ ബെയിലിങ് മെഷീൻ സ്ഥാപിച്ചപ്പോൾ
പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെടിമറ മാലിന്യസംഭരണ കേന്ദ്രത്തിൽ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക-സാങ്കേതിക സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായായി ബയോ മൈനിങ് ആരംഭിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയാകുന്നു. ഇതിന് മുന്നോടിയായി ബെയിലിങ് മെഷീൻ, ഡസ്റ്റർ, ബെൽറ്റ് ഫോർക്ക് ലിഫ്റ്റ് തുടങ്ങിയ സാമഗ്രികൾ സ്ഥാപിച്ചു.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനാണ് ബയോ മൈനിങ് ആരംഭിക്കുന്നത്. നാല് കോടി രൂപയുടെ പദ്ധതിയുടെ നിർവഹണം നടത്തുന്നത് നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ് ലിമിറ്റഡാണ്. നേരത്തെ, സർക്കാർ അംഗീകൃത ഏജൻസി നടത്തിയ സർവേയിൽ 1.25 ഏക്കറിലായി 1866.2 ടൺ മാലിന്യം വെടിമറയിലെ മാലിന്യ സംഭരണ കേന്ദ്രത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു.
അവ ആർ.ഡി.എഫ് (പ്ലാസ്റ്റിക്, തുണി മുതലായവ), ബയോസോയിൽ (മണ്ണ്, കല്ല് എന്നിവ), ഇൻ എർട് (ഇരുമ്പ്, സ്ക്രാപ് എന്നിവ) എന്നീ ഇനങ്ങളായാണ് തരം തരിക്കുക. പ്ലാസ്റ്റിക്, തുണി എന്നിവ സിമന്റ് കമ്പനിക്ക് കൈമാറും. കല്ലും മണ്ണും വേർതിരിച്ച് അവിടെ തന്നെ നിക്ഷേപിക്കും. മണ്ണ് കാർഷിക ആവശ്യത്തിനും കെട്ടിട നിർമാണത്തിന് നിക്ഷേപിക്കുന്നതിനും ഉപയോഗിക്കുകയും ചെയ്യും. ഇരുമ്പ്, സ്ക്രാപ് തുടങ്ങിയവ ലേലം ചെയ്യും.
ബയോ മൈനിങ് നടപ്പാക്കാൻ ആവശ്യമായ യന്ത്രങ്ങളും മറ്റും മാലിന്യ സംഭരണ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ട്രയൽ റൺ നടത്തി. മാലിന്യ സംസ്കരണം പൂർത്തിയായാൽ നഗരത്തിന് ആവശ്യമായ ഖര-ദ്രവ്യ മാലിന്യ പദ്ധതികൾ നടപ്പാക്കാൻ കഴിയും.
വൈകാതെ തന്നെ ബയോ മൈനിങ് ആരംഭിക്കുമെന്നും തുടങ്ങിയാൽ ഒരുമാസം കൊണ്ട് പൂർത്തിയാകുമെന്നും നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരംസമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, വാർഡ് കൗൺസിലർ ടി.എച്ച്. ജഹാംഗീർ തോപ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.