ആലുവ-പറവൂർ റോഡിൽ ജല അതോറിറ്റിയുടെ മരണക്കുഴികൾ
text_fieldsആലുവ - പറവൂർ റോഡിൽ മനക്കപ്പടിയിലെ കുഴി
പറവൂർ: റോഡിൽ മരണക്കുഴിയൊരുക്കി ജല അതോറിറ്റിയുടെ തോന്ന്യവാസം തുടരുന്നു. പറവൂർ-ആലുവ റോഡിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റ പണിക്കായി എടുത്ത കുഴികളാണ് ജല അതോറിറ്റി അധികൃതർ മൂടാതെ നിരുത്തവാദിത്വപരമായ സമീപനം സ്വീകരിച്ചിട്ടുള്ളത്.
യു.സി കോളജ് മുതൽ മന്ദം വരെയുള്ള പാതയിലാണ് അപകടക്കെണിയൊരുക്കിയുള്ള കുഴികൾ. മനക്കപ്പടിക്കും ആനച്ചാലിനും ഇടയിലുണ്ടായ വലിയ ഗർത്തത്തിൽ വാഹനങ്ങൾ വീണ് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറോടെ സ്കൂട്ടർ യാത്രക്കാരി കുഴിയിൽ അകപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. ജല അതോറിറ്റിക്ക് പുറമേ ബി.എസ്.എ.എൽ, കെ.എസ്.ഇ.ബി എന്നിവർ സൃഷ്ടിക്കുന്ന കുഴികൾ വേറെയും.
ഇക്കഴിഞ്ഞ ഏഴിന് പറവൂർ - അത്താണി എയർപോർട്ട് റോഡിൽ മാവിൻ ചുവട് ജങ്ഷനിൽ കെ.എസ്.ഇ.ബിയുടെ കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴിയിലേക്ക് ബൈക്ക് യാത്രക്കാരൻ വീണ് പരിക്കേറ്റിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് മന്ദത്ത് ബി.എസ്.എ.എൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിനെടുത്ത കുഴിയിൽ കാർ അകപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന കുട്ടിയുടെ നെറ്റി ഗ്ലാസിൽ ഇടിച്ച് പരിക്കേൽക്കുകയും കാറിന്റെ മുൻ ഭാഗം തകരുകയും ചെയ്തു.വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്ന കുഴികൾ മണ്ണ് നിറച്ച് സഞ്ചാര യോഗ്യമാക്കാൻ ഇവർ തയ്യാറാകുന്നില്ല.
മണ്ണ് നിറച്ചാൽ തന്നെയും ഭാഗികമായി മാത്രമേ ചെയ്യുന്നുള്ളൂ. ഇതു മൂലം വാഹനങ്ങളും കാൽനടയാത്രികരും കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയാണ്. കുഴി എടുക്കുന്നതിന് പരിഹാരം ഉണ്ടാക്കുന്നത് വരെ ഇത്തരം പ്രവൃത്തികൾ നിർത്തിവെക്കണമെന്ന് കോൺഗ്രസ് കരുമാല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റും രണ്ടാം വാർഡ് മെമ്പറുമായ ടി.എ. മുജീബ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.