കലക്ടർ വടിയെടുത്തു; മാലിന്യം നീക്കം വേഗത്തിലാക്കി തൃക്കാക്കര നഗരസഭ
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയുടെ സമീപത്തെ മാലിന്യ യാർഡിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം വേഗത്തിലാക്കി നഗരസഭ. കലക്ടർക്ക് നൽകിയ ഉറപ്പ് പാഴ്വാക്കായി പ്ലാസ്റ്റിക് മാലിന്യനീക്കം ഇഴയുന്നു എന്ന തലക്കെട്ടോടെ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് നഗരസഭ സെക്രട്ടറിയെ വിളിച്ചുവരുത്തി കലക്ടർ താക്കീത് നൽകിയതോടെയാണ് നഗരസഭ മാലിന്യനീക്കം വേഗത്തിലാക്കിയത്.
കഴിഞ്ഞ ശനിയാഴ്ച തൃക്കാക്കര നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ വഴി കലക്ടർ എൻ.എസ്.കെ. ഉമേഷിനോട് മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും ഞായറാഴ്ച വൈകീട്ടോടെ മാറ്റും എന്നറിയിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ചതോടെ കലക്ടർ നഗരസഭ സെക്രട്ടറിയെ ചേംബറിലേക്ക് വിളിപ്പിക്കുകയായിരുന്നു. ദിവസവും രണ്ട് ലോഡ് വീതം കൊണ്ടുപോകുന്നുണ്ടെന്നും കൂടുതൽ ലോഡുകൾ കയറ്റിവിട്ട് രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുമെന്നും നഗരസഭ സെക്രട്ടറി ടി.കെ. സന്തോഷ് കലക്ടറെ അറിയിച്ചു. ചെറിയ തീപ്പൊരി വീണാൽ പോലും നിമിഷനേരംകൊണ്ട് ചാമ്പലാകുന്ന ഭീതിയാണ് ഇവിടെ. കലക്ടറേറ്റ്, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, ജില്ല പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയും ഒട്ടേറെ പാർപ്പിട സമുച്ചയങ്ങളും ഇതിനു 100 മീറ്റർ ചുറ്റളവിലുണ്ട്. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം കയറ്റിവിടാനാകാത്തതായിരുന്നു പ്ലാസ്റ്റിക് മാലിന്യം കൂടാൻ കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.