അനധികൃതമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ
text_fieldsദശരഥ് ബാനർജി
വൈപ്പിൻ: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇവർ അനധികൃതമായി ഇന്ത്യയിലെത്തി പശ്ചിമബംഗാളിൽ നിന്ന് വ്യാജആധാർ കാർഡ്, തെരഞ്ഞെടുപ്പ് ഐ.ഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയിരുന്നു. തുടർന്ന് കേരളത്തിലെത്തി ഇവിടുത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കി. വ്യാജ രേഖകൾ ഉപയോഗിച്ച് വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്യുകയും വീട് നിർമിക്കുകയും ചെയ്തു. ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസും, വാഹന ആർ.സി ബുക്കിന്റെ പകർപ്പ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഓപറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.