ഓണക്കാലത്ത് ഗതാഗത മന്ത്രിയുടെ നാട്ടിൽ റദ്ദാക്കിയത് 30 ഷെഡ്യൂളുകൾ
text_fieldsപത്തനാപുരം: ആഘോഷ വേളകളിൽ സംസ്ഥാനത്ത് തന്നെ വൻ കലക്ഷൻ നേടിയിരുന്ന ഗതാഗത മന്ത്രിയുടെ നാട്ടിലെ കെ.എസ്.ആർ. ടി.സി ഡിപ്പോ ഇത്തവണ ഓണക്കാലത്ത് കൂപ്പുകുത്തി. കലക്ഷനിലെ റെക്കോഡ് തകർച്ചക്ക് പിന്നിൽ ഉദ്യോഗസ്ഥരെന്ന ആക്ഷേപവും ശക്തമാണ്.
ഡിപ്പോയിൽ നിന്നും ദിവസേന 52 സർവീസുകളാണ് ഓപറേറ്റ് ചെയ്യുന്നത്. അവിട്ടം, ചതയം ദിവസങ്ങളിൽ ഇത് യഥാക്രമം 33,35 ആയി കുറച്ചു. അവിട്ടം നാളിൽ 19 സർവീസുകളും ചതയം നാളിൽ 17 സർവീസുകളും വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ലക്ഷത്തിൽ നിന്നും വരുമാനം നേരെ പകുതിയായി. അവിട്ടം നാളിൽ പത്തനാപുരം ഡിപ്പോയിൽ ആകെ ലഭിച്ച വരുമാനം 7,83007 രൂപയും ചതയ ദിനത്തിൽ 7,88548 രൂപയുമാണ്. കഴിഞ്ഞ വർഷം ഇത് ഇരട്ടിയായിരുന്നു. ഉത്സവ സീസണിലെ ഷെഡ്യുളുകൾ നിർത്തലാക്കിയതാണ് ഇതിന് പ്രധാന കാരണം.
''ക്ലച്ച്'' പിടിക്കാൻ കെ.എസ്.ആർ.ടി.സി യും മന്ത്രിയും പാടുപെടുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മ മൂലം വൻ നഷ്ടം സംഭവിച്ചത്.ഇതിനിടെ, ചതയം നാളിൽ സർവീസ് നടത്തിയിരുന്ന അഞ്ച് ബസുകൾ കൂടി തിരിച്ചുവിളിച്ച് വിവാഹാവശ്യത്തിന് വിട്ടുനൽകിയതും വിവാദമായി. ആകെയുള്ള 52 സർവീസിൽ ചതയ ദിനത്തിൽ ഓപറേറ്റ് ചെയ്തതാകട്ടെ 35 സർവീസുകളാണ്. ഇതിൽ നിന്നുമാണ് വീണ്ടും അഞ്ച്സർവീസുകൾ തിരിച്ചുവിളിച്ച് വിവാഹ ചടങ്ങിന് വിട്ടുനൽകിയത്. ഇതുമൂലം യാത്രക്കാർ അന്ന് കടുത്ത ദുരിതത്തിലാവുകയും ചെയ്തു.
ബജറ്റ് ടൂറിസം സെൽ പ്രകാരം ബസ്സുകൾ വിനോദസഞ്ചാരത്തിനും വിവാഹ ആവശ്യങ്ങൾക്കും വിട്ടുനൽകാറുണ്ടെങ്കിലും സർവീസ് നടത്തിയ ബസുകൾ വിളിച്ചുവരുത്തി വിവാഹ ആവശ്യത്തിന് വിട്ടുനൽകിയത് ചട്ടവിരുദ്ധമാണ്.അതേസമയം, നേരത്തെ ബുക്ക് ചെയ്തത് അനുസരിച്ചാണ് ബസുകൾ വിട്ടുനൽകിയതെന്ന് എ.ടി.ഒ പറഞ്ഞു.
അന്നേദിവസം 17 ഷെഡ്യൂളുകൾ നിർത്തലാക്കി, ബസുകൾ ഡിപ്പോയിൽ വെറുതെ കിടക്കുമ്പോഴാണ് സർവീസ് നടത്തിയ ബസുകൾ തിരികെവിളിച്ചതെന്നതും വിരോധാഭാസമാണ്. എന്നാൽ വിവാഹ ആവശ്യത്തിനുപോയ ബസുകൾ സർവീസ് നടത്തിയിരുന്നില്ലെന്നാണ് എ.ടി.ഒ പറയുന്നത്. ജീവനക്കാരുടെ അഭാവം മൂലമാണ് ഇത്രയധികം ഷെഡ്യുളുകൾ റദ്ദാക്കിയത്. കലക്ഷൻ കുറഞ്ഞ റൂട്ടുകളിലെ സർവീസുകളാണ് റദ്ദാക്കിയതെന്നും എ.ടി.ഒ പറഞ്ഞു.ഓർഡിനറി ബസുകൾ സർവീസ് നടത്തുന്ന എല്ലാ റൂട്ടുകളിലും നല്ല കലക്ഷൻ ഉണ്ടെന്നിരിക്കെയാണ് തെറ്റായ കാരണങ്ങൾ പറഞ്ഞ് എ.ടി.ഒ തടിതപ്പുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.