റെയില്‍വേ മേൽപാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി
text_fieldsകൊല്ലം: ലോക്സഭാ മണ്ഡലത്തിലെ 12 റെയില്‍വേ മേല്പാലങ്ങളുടെ നിർമാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
നിർമാണ ചുമതലയുള്ള ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഓംപ്രകാശിന്റെ സാന്നിധ്യത്തില്‍ കൊല്ലത്ത് ചേര്‍ന്ന് ഉന്നതതലയോഗത്തിന് ശേഷമാണ് വിവരം അറിയിച്ചത്. കല്ലുംതാഴം മേല്‍പാലത്തിന്റെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇരവിപുരം മേല്‍പാലത്തിന്റെ നിർമാണം പൂര്‍ത്തീകരിച്ചു. പോളയത്തോട് പൈലിങ്ങ് പൂര്‍ത്തിയാക്കി. 2027 മേയില്‍ പൂര്‍ത്തീകരിക്കും.
എസ്.എന്‍ കോളജ് ജങ്ഷന് മേല്‍പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ റയില്‍വേ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. കൂട്ടിക്കട മേല്‍പാലത്തിന്റെ ആര്.ബി.ഡി.സി.കെ വിജ്ഞാപനം പൂര്‍ത്തീകരിച്ചെങ്കിലും ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചില്ല. ഒല്ലാല്‍ മേൽപാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു. കുണ്ടറ പള്ളിമുക്കിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയും സ്വീകരിച്ചുവരുന്നു. കുണ്ടറ മുക്കടയിൽ സംസ്ഥാന ഏജന്‍സിയായി ആര്.ബി.ഡി.സി.കെയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇളമ്പള്ളൂര്‍ റെയില്‍വേ ഗേറ്റിന് റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയെ നിയമിച്ചില്ല. മയ്യനാട് മേല്‍പ്പാല നിർമാണത്തിന്റെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുവാനും ആവശ്യമായ പണം വകയിരുത്താനുമായി എം.പിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യുന്നതിനും മണ്ഡലത്തിലെ മന്ത്രിമാരുടെ സഹായം അഭ്യർഥിക്കുവാനും യോഗത്തില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

