പുലിപ്പേടി ഒഴിയാതെ മലയോരമേഖല; ഭാരതീപുരം ഓയിൽ പാം തോട്ടത്തിലെ വഴിയിലാണ് പുലിയെ കണ്ടത്
text_fieldsഭാരതീപുരത്ത് കണ്ടെത്തിയ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട്
അഞ്ചൽ: മലയോരമേഖലയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ ഭാരതീപുരം ഓയിൽ പാം തോട്ടത്തിലെ വഴിയിലാണ് പുലിയെ കണ്ടത്. അതുവഴിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ അച്ചൻകോവിൽ സ്വദേശി ബിഞ്ചുവാണ് ആദ്യം പുലിയെ കണ്ടത്.
ഈ വിവരം അദ്ദേഹം ഓയിൽ പാം എസ്റ്റേറ്റ് ഗേറ്റ് വാച്ചറെ അറിയിക്കുകയായിരുന്നു. തുടർന്ന് ഒമ്പത് മണിയോടെ പത്തടി സ്വദേശിയായ അയൂബ് സമീപത്തുള്ള മറ്റൊരു സ്ഥലത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തി. വിവരം അറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്തംഗം ജോസഫും മുൻ ഗ്രാമപഞ്ചായത്തംഗം കൊച്ചുമ്മച്ചനും പ്രദേശവാസികളും ഓയിൽപാം തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃഗങ്ങളുടേതായ ചില കാൽപ്പാടുകൾ കണ്ടെത്തി. തുടർന്ന് വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ചു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാർ കാണിച്ചുകൊടുത്ത കാൽപ്പാടുകൾ പരിശോധിച്ച് അത് പുലിയുടേത് അല്ലെന്നും പട്ടിയുടേത് ആണെന്നും പറഞ്ഞു. എന്നാൽ ഇതേച്ചൊല്ലി പ്രദേശവാസികൾ വനംവകുപ്പ് അധികൃതരുമായി അല്പസമയം വാക്കേറ്റവും ഉണ്ടായി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെന്ന് അറിയിച്ച ആളുകളെ വിളിച്ചുവരുത്തി വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങൾ കണ്ടത് പുലിയാണെന്ന് ഉറച്ചനിലപാടിലാണിവർ.
പുലി, പട്ടിയെ പിടിക്കുവാൻ പിന്നാലെ ഓടിയതാണെന്നും അപ്പോഴാണ് തങ്ങളുടെ മുന്നിൽ പെട്ടതെന്നും സാമാന്യം നല്ല വലിപ്പം ഉണ്ടായിരുന്നതായുമാണ് ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടർന്ന് ഇവർ പുലിയെ കണ്ടെന്ന് പറഞ്ഞ സ്ഥലങ്ങളിൽ വനംവകുപ്പ് വീണ്ടും പരിശോധന നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. ജനങ്ങളുടെ ആശങ്ക അകറ്റാൻ കൂടും ക്യാമറയും സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് വനം വകുപ്പ് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി.
പുലിയുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞതോടെ ഓയിൽപാം തോട്ടത്തിലെ തൊഴിലാളികളും പരിസരവാസികളും ഭീതിയിലാണ്. രണ്ട് ദിവസംമുമ്പ് വീട്ടുമുറ്റത്ത് പുലിയെ കണ്ടിരുന്നുവെന്ന് പ്രദേശവാസിയായ വയോധികയും വെളിപ്പെടുത്തിയിരുന്നു. കിഴക്കൻ മേഖലയിൽ പുലികളുടെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ് നാട്ടുകാർ വിശ്വസിക്കുന്നത് . ഏതാനും മാസം മുമ്പ് കുളത്തൂപ്പുഴ ആറ്റിൽ പുലിയുടെ ജഡം കാണപ്പെട്ടിരുന്നു. ഇത് പ്രദേശത്ത് പുലി ഉണ്ടെന്നതിന് തെളിവാണെന്നും പുലിപ്പേടി അകറ്റുന്നതിന് സത്വര നടപടി വനം വകുപ്പധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി ജനം തെരുവിലിറങ്ങുമെന്നും നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.