മദ്യ കുപ്പിയുടെ അടിയേറ്റ് യുവാവ് ചികിത്സയിൽ
text_fieldsപരിക്കേറ്റ ജഗേഷ് ആശുപത്രിയിലെ ചികിത്സയിൽ
അഞ്ചൽ: മദ്യ കുപ്പിയുടെ അടിയേറ്റ് തലപൊട്ടുകയും ഭാഗികമായി കേഴ്വി ശക്തി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആശുപത്രിയിൽ. ഏരൂർ നെട്ടയം പാലോട്ടുകോണം ചരുവിള പുത്തൻവീട്ടിൽ ജഗേഷ് (25) നാണ് പരിക്കേറ്റത്. വിളക്കുപാറ സ്വദേശി ലിനുവിനെതിരെ വധശ്രമത്തിന് ഏരൂർ പൊലീസ് കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെ വിളക്കുപാറ ക്ഷേത്രത്തിന് സമീപമാണ് കേസിനാസ്പദമായം സംഭവം നടന്നത്. ഒന്നരക്കൊല്ലം മുമ്പ് ജഗേഷിന്റെ ജ്യേഷ്ഠനും പ്രതി ലിനുവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഈ സംഭവത്തിൽ ജഗേഷ് മധ്യസ്ഥത വഹിച്ച് ഇരുവരും തമ്മിലുള്ള അകൽച്ച മാറ്റുന്നതിന് ശ്രമിച്ചിരുന്നു. ടൈൽസ് പണിക്കാരനായ ജഗേഷ് തൊഴിൽ സംബന്ധമായ ആവശ്യത്തിനായി വിളക്കുപാറയിലെത്തിയപ്പോഴാണ് പ്രതിയുമായി വാക്കേറ്റമുണ്ടാകുകയും അസഭ്യം വിളിക്കുകയും കൈയിലിരുന്ന മദ്യകുപ്പി കൊണ്ട് തലക്കടിക്കുകയുമായിരുന്നു.
എന്നാൽ, കൈകൊണ്ട് തടഞ്ഞതിനാൽ ചെവിയോട് ചേർന്ന ഭാഗത്താണ് അടിയേറ്റ് പൊട്ടിയത്. പരിക്കേറ്റ ജഗേഷിനെ ഉടൻതന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ജഗേഷിനെ പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ലിനു ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.