പത്തനാപുരത്ത് ട്യൂഷന് പോകാനിറങ്ങിയ ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോകാൻ ശ്രമം
text_fieldsപത്തനാപുരം: ട്യൂഷന് പോകാനിറങ്ങിയ ആറ് വയസ്സുകാരനെ സ്ത്രീയുൾപ്പെട്ട കാറിലെത്തിയ മൂന്നംഗ സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. പട്ടാഴി പന്തപ്ലാവ് ഇരുപ്പാക്കുഴി മധുരമല വീട്ടിൽ തമ്പി ചെറിയാന്റെ ചെറുമകൻ സിറിയകിനെ ആണ് റോഡരികിൽ നിൽക്കുമ്പോൾ തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ വീട്ടുകാർ ഇപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ട ജില്ലയിലെ കൊടുമണിലും പഴകുളത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് വീട്ടുകാർ പരാതിയുമായെത്തിയത്. കാറിന്റെ മുൻ സീറ്റിൽ ഒരു യുവാവും യുവതിയും, പിൻസീറ്റിൽ മുടിയും താടിയും നീട്ടി വളർത്തിയ മറ്റൊരാളും ഉണ്ടായിരുന്നതായി കുട്ടി പറഞ്ഞു. കാറിൽ കയറാതെ കുട്ടി പിന്നിലേക്ക് ഓടി മാറുകയായിരുന്നു. അൽപസമയം കഴിഞ്ഞ് സഹപാഠിയും അമ്മയും എത്തിയപ്പോൾ കാർ വേഗത്തിൽ ഓടിച്ചുപോയി. കുന്നിക്കോട് എസ്.എച്ച്.ഒ ഹരിചന്ദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

