കൺ മൂടിയാലും മായാതെ വർണങ്ങൾ
text_fieldsമന്ത്രി വീണാ ജോർജിന് വിഷ്ണു ചിത്രം വരച്ചു നൽകുന്നു
ചാത്തന്നൂർ: കണ്ണുകൾ കെട്ടിവച്ച് ചിത്രങ്ങൾ വരക്കുന്ന യുവ ചിത്രകാരൻ ശ്രദ്ധേയനാകുന്നു. കണ്ണുകൾ മൂടി കെട്ടിയാലും ചിത്രങ്ങൾ വരക്കാനാകുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രകാരൻ. ചാത്തന്നൂർ ഏറം തെങ്ങുവിള വീട്ടിൽ വിഷ്ണു എന്ന 29 കാരനാണ് നിരന്തര പരിശീലനത്തിലൂടെ കണ്ണുകൾ കെട്ടിവച്ച് ചിത്രങ്ങൾ വരക്കുന്നത്. ആദ്യം ഗാന്ധിജിയിലായിരുന്നു തുടക്കം. പിന്നീട് എ.പി.ജെ. അബ്ദുൽ കലാം, മോഹൻലാൽ, വി.എസ് അച്യുതാനന്ദൻ എന്നിവരുടെ ചിത്രങ്ങളും കണ്ണുകെട്ടി കൊണ്ട് വരച്ചു.
കണ്ണുകെട്ടി ചിത്രം വരക്കാൻ അധിക സമയം വേണമെന്നില്ല. വരക്കേണ്ട ചിത്രത്തെക്കുറിച്ച് പഠിച്ച ശേഷം മനസ്സിൽ കുറിച്ചിട്ട ശേഷമാകും വരക്കുക. ഒരു ടി.വി. ചാനലിൽ വ്യത്യസ്തമായ ഷോ അവതരിപ്പിക്കുന്നതിനായാണ് കണ്ണുകെട്ടി ചിത്രരചന തുടങ്ങിയത്. ചാത്തന്നൂർ ശ്രീ ഭൂതനാഥസ്വാമി ക്ഷേത്രത്തിലെ ഉൽസവത്തിന് ക്ഷേത്ര മൈതാനത്ത് കണ്ണുകെട്ടി ചിത്രരചന നടത്തിയിരുന്നു. പ്ലസ് ടുവും ഐ.ടി.ഐയും വിദ്യാഭ്യാസ യോഗ്യതയുള്ള വിഷ്ണു, കടപ്പാക്കടയിൽ കെ.വി. ജ്യോതിലാലിൻ്റെ ശിക്ഷണത്തിൽ കുറച്ചുകാലം ചിത്രരചന പഠിച്ചിരുന്നു. സാമ്പത്തികം പ്രശ്നമായപ്പോൾ ചിത്രരചനാ പഠനം നിർത്തുകയായിരുന്നു. പേപ്പറും കളറുകളും വാങ്ങാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ഇപ്പോൾ ഫോണിൽ സ്റ്റൈലസ് ഡിജിറ്റൽ പെൻ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരക്കുന്നത്.
സുഹൃത്തുക്കളാണ് ചിത്രരചനക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നത്. ചാത്തന്നൂർ കോയിപ്പാട് സ്കൂളിൽ വിഷ്ണുവിന്റെ കാർട്ടൂൺ ചിത്ര പ്രദർശനം നടത്തിയിരുന്നു. മൂന്ന് മിനിറ്റു കൊണ്ട് മുപ്പതോളം കാർട്ടൂൺ ചിത്രങ്ങളാണ് അവിടെ വരച്ചു പ്രദർശിപ്പിച്ചത്. ഉദ്ഘാടകനായ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും , കാർട്ടൂണിസ്റ്റ് ശങ്കറും വിഷ്ണുവിനെ ചിത്രങ്ങൾ കണ്ട് അഭിനന്ദിച്ചിരുന്നു. മന്ത്രി മാരായ വീണാ ജോർജ്, സജി ചെറിയാൻ, എം. മുകേഷ് എം.എൽ.എ തുടങ്ങി ഒട്ടേറേ പേരുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വരച്ചു നൽകി അവരുടെ പ്രശംസ പിടിച്ചുപറ്റാനും ഈ യുവ ചിത്രകാരനായിട്ടുണ്ട്. നല്ലതുപോലെ പരിശീലിച്ച ശേഷം കണ്ണുകെട്ടിയുളള ചിത്രരചനാ പ്രദർശനം സംഘടിപ്പിക്കണമെന്നാണ് ഈ യുവ ചിത്രകാരന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

