ചരിത്ര സ്മൃതികളുമായി സി.എസ്. സുബ്രഹ്മണ്യൻ പോറ്റിക്ക് സ്മാരകമൊരുങ്ങുന്നു
text_fieldsകരുനാഗപ്പള്ളി ടൗൺ എൽ. പി. എസ്സിന് മുന്നിൽ പൂർത്തിയായി വരുന്ന സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ അർധകായക പ്രതിമ
കരുനാഗപ്പള്ളി: മലയാളത്തിലെ ആദ്യ വിലാപകാവ്യത്തിലൂടെ മാനവ നന്മക്കായി തൂലിക ചലിപ്പിച്ച സി. എസ്.സുബ്രഹ്മണ്യൻ പോറ്റിക്ക് ജന്മനാട്ടിൽ സ്മാരകമാകുന്നു. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ നാൽപ്പതോളം സ്കൂളുകൾ സ്ഥാപിക്കുകയും ഏക്കർ കണക്കിന് ഭൂമി സർക്കാർ സ്ഥാപനങ്ങൾക്ക് സംഭാവന നൽകി കരുനാഗപ്പള്ളിയുടെ സാമൂഹിക പരിഷ്കർത്താവുമായ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിക്ക് ആദ്യമായാണ് ജന്മനാട്ടിൽ സ്മാരകമായി അർധകായക പ്രതിമ ഒരുങ്ങുന്നത്. 1905-ൽ പോറ്റി സ്ഥാപിച്ച കരുനാഗപ്പ ള്ളി ടൗൺ എൽ.പി.സ്കൂൾ അങ്കണത്തിലാണ് പ്രതിമ പൂർത്തിയായത്.
അധ്യാപകൻ, കവി, വിവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സുബ്രഹ്മണ്യൻ പോറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗേൾസ്, ബോയ്സ് സ്കൂളുകൾ ഉൾപ്പെടെ 40 ഓളം വിദ്യാലയങ്ങളാണ് സ്ഥാപിതമായത്. ഇവക്കു പുറമെ നഗര മധ്യത്തില്‍ നിലകൊള്ളുന്ന പൊലീസ് സ്റ്റേഷന് , ഫയര്‍ സ്റ്റേഷന് ,ടൗണ്‍ ക്ലബ്ബ് ,വിവിധ സർക്കാര്‍ സ്കൂളുകള്‍ ,സിവില്സ്റ്റേഷന് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ഇദ്ദേഹം ദാനം ചെയ്ത സ്ഥലത്താണ് നിലകൊള്ളുന്നത്.
മലയാള വിലാപകാവ്യമായ ‘ഒരു വിലാപം’ രചിച്ചതും ‘ദുർഗേശനന്ദിനി’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തതും കുമാരനാശാന്റെ വീണപൂവ് പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തതും അദ്ദേഹമായിരുന്നു. യോഗക്ഷേമസഭയുടെ അധ്യക്ഷനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് വി.ടി. ഭട്ടതിരിപ്പാട് രചിച്ച ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ നാടകം ആദ്യമായി അവതരിപ്പിച്ചത്. സുബ്രഹ്മണ്യൻ പോറ്റിയുടെ ലഭിച്ച അപൂർവം ചിത്രങ്ങൾ അവലംബിച്ചാണ് ശില്പി സി. രാജേന്ദ്രൻ ശില്പനിർമാണം പൂര്‍ത്തിയാക്കിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റജി ഫോട്ടോ പാർക്ക് ആണ് ഇതിന്റെ ചെലവായ 1.5 ലക്ഷത്തിലേറെ രൂപ നൽകിയത്. ആഗസ്റ്റ് രണ്ടാം വാരം സാംസ്കാരിക മന്ത്രി സജി ചെറിയാന് പ്രതിമ അനാച്ഛാദനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.