തകർന്ന കൈവരി പുനർനിർമിക്കുന്നില്ല; ദേശീയപാതയിൽ അപകട ഭീഷണി
text_fieldsപുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഉറുകുന്ന് കനാൽ പാലത്തിന്റെ കൈവരി തകർന്നത് പുന:സ്ഥാപിക്കാൻ നടപടിയില്ല. തിരക്കേറിയ അന്തർസംസ്ഥാന പാതയിൽ അപകട ഭീഷണിയുയർത്തുകയാണ് ഈ പാലം. പാതക്ക് കുറുകെയുള്ള വലതുകര വലിയ കനാലിന്റെ പാലത്തിന്റെ കൈവരിയാണ് തകർന്നുകിടക്കുന്നത്.
പാതയിൽ കൊടുംവളവും ഇറക്കവും ഉള്ളതും പതിവായി അപകടം ഉണ്ടാകുന്നതുമായ ഭാഗത്താണ് കനാലും പാലവും ഉള്ളത്. വർഷങ്ങൾക്ക് മുമ്പ് ചരക്ക് വാഹനം കൈവരിയിലിടിച്ച് തകർന്നതാണ്. ഇതിന്റെ നഷ്ടപരിഹാരവും കെ.ഐ.പി അധികൃതർ വാഹന ഉടമയിൽ നിന്നും ഇടാക്കിയിരുന്നു.
എന്നാൽ, ഇത്രയും കാലമായിട്ടും കൈവരി പുനർനിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കാനും അധികൃതർ തയാറാകുന്നില്ല. കനാൽ കടന്നുപോകുന്ന ഇവിടെ ഈ ഭാഗത്ത് ഏറ്റവും കൂടുതൽ വാഹനാപകടം ഉണ്ടാകുന്ന സ്ഥലമാണ്. രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് വശം കൊടുക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ വലിയ താഴ്ചയിൽ വെള്ളം ഒഴുകുന്ന കനാലിൽ വാഹനങ്ങൾ മറിയുന്ന അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.