വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തൽ; വനം വകുപ്പിന്റെ മൂന്നാംഘട്ട തീവ്രയത്നത്തിന് തുടക്കം
text_fieldsകാട്ടുമൃഗങ്ങളെ തുരത്തുന്നതിനായി വനപാലകരും നാട്ടുകാരും അടങ്ങുന്ന സംഘം സുരക്ഷ പരിശോധനക്ക് ഒത്തുചേര്‍ന്നപ്പോള്‍
കുളത്തൂപ്പുഴ: കാട് വിട്ടിറങ്ങി കുളത്തൂപ്പുഴയാറ് കടന്ന് ജനവാസ മേഖലക്ക് സമീപം നിലയുറപ്പിച്ച ആന, കാട്ടുപോത്ത്, മറ്റ് വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്തുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ‘മിഷന് വൈല്‍ഡ് ലൈഫ് ഡ്രൈവി’ന്റെ ഭാഗമായി വനം വകുപ്പിന്റെ മൂന്നാംഘട്ട തീവ്രയത്ന പരിപാടി തുടങ്ങി.
കുളത്തൂപ്പുഴ ടൗണിനോട് ചേർന്ന പ്രദേശത്തേക്ക് കാട്ടുമൃഗങ്ങളെത്താതിരിക്കാനായി മരുതിമൂട് മുതല്‍ 16 ഏക്കർ വരെയുള്ള ജനവാസമേഖലക്ക് ചുറ്റും വനംവകുപ്പ് അഞ്ചല്‍ വനം റെയിഞ്ച് എല്ലാ പഴുതുകളുംഅടച്ച് സൗരോര്‍ജവേലി നിർമാണം പൂര്‍ത്തിയാക്കി. സി. അജയപ്രസാദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ നടപ്പിലാക്കിയെങ്കിലും പൂർണമായും കാട്ടുമൃഗങ്ങളെ വനത്തിലേക്കയക്കാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൂന്നാം ഘട്ടം ആരംഭിച്ചത്.
തെന്മല വനം ദ്രുത കര്‍മസേന ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വിഷ്ണു എസ്. കുമാറിന്റെ മേൽനോട്ടത്തിൽ ഫോറസ്റ്റർ സജീഷ് കുമാർ, ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എസ്. നിസാം, ഷബ്ന അൻവർ, സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആനി ടോം, പതിനാറേക്കർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജെറിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തെരച്ചില്‍ വ്യാപകമാക്കുകയും, പടക്കങ്ങള്‍ പൊട്ടിച്ചു ശബ്ദമുണ്ടാക്കിയും തോക്കുകള്‍ പൊട്ടിച്ചും വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
വനത്തിലേക്ക് കയറിയ വന്യമൃഗങ്ങള്‍ തിരികെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വനപാലകരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും അടങ്ങുന്ന സംഘം വനാതിർത്തിയിൽ നിലയുറപ്പിച്ച് സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് മടങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

