നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ ബന്ധുക്കൾക്ക് കൈമാറി; കുട്ടിയെ കിട്ടിയത് കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ഇടപെടലിനെ തുടർന്ന്
text_fieldsജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ജലജ പെൺകുട്ടിയെ ഉമ്മ നൽകി യാത്രയാക്കുന്നു
പന്തളം: നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ നാടോടി സ്ത്രീയെ കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി. തിങ്കളാഴ്ച വൈകുന്നേരം കൊല്ലം ബീച്ചിന് സമീപത്തുനിന്നും മാനസിക അസ്വസ്ഥതയുള്ള മാതാവിന്‍റെ കൈയ്യിൽനിന്ന് തട്ടിയെടുത്ത് കൊണ്ടുപോകുന്നതിനിടെ പന്തളം പൊലീസ് പിടിയിലായ കോയമ്പത്തൂർ സ്വദേശി ദേവിയെ ചൊവ്വാഴ്ച രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലീസിന് പന്തളം പൊലീസ് കൈമാറി.
ചൊവ്വാഴ്ച ഉച്ചക്ക് അടൂർ ബസ് സ്റ്റാൻഡിൽനിന്നും ചെങ്ങന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസിൽ കയറിയ നാടോടി സ്ത്രീയെയും കുട്ടിയെയും കണ്ടക്ടർ അനീഷിന്റെ ഇടപെടലിനെ തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ കുട്ടികളെ കടത്തുന്ന കണ്ണികളിൽ പ്രധാനിയാണോ ദേവി എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പൊലീസിനോട് സ്വദേശം തൃശൂർ ആണെന്നും തമിഴ്നാട് ആണെന്നും വ്യക്തത ഇല്ലാതെയാണ് നാടോടി സ്ത്രീ മൊഴി നൽകിയിരിക്കുന്നത്.
നാടോടി സ്ത്രീയുടെ വെളിപ്പെടുത്തുകൾ പലതും പോലീസിന്‍റെ സംശയം ബലപ്പെടുത്തുന്നതാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വഴി കുട്ടിയെ കോയമ്പത്തൂരിലേക്ക് കടത്താനാണ് പദ്ധതിയെട്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അടൂരിൽനിന്നും ബസിൽ കയറിയ ദേവി 50 രൂപ നൽകി തൃശൂരിലേക്ക് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചതും സംശയം ബലപ്പെടുന്നു. 50 രൂപക്ക് ചെങ്ങന്നൂർ സ്റ്റോപ്പിൽ ഇറക്കി വിട്ടാൽ ഇവർക്ക് റെയിൽവേ സ്റ്റേഷൻ വഴി ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയും.
മാനസിക വിഭ്രാന്തിയുള്ള കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദമൻസിലിൽ സാഹിറയുടെ മകൾ സിയാന (4) നെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പിതാവ് ഉപേക്ഷിച്ച സിയാന മാതാവ് സാഹിറക്കും മുത്തശ്ശി മാജിതക്കുമൊപ്പമാണ് താമസം. ചൊവ്വാഴ്ച രാത്രിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് ഇവരുമായി പന്തളം സ്റ്റേഷനിൽ എത്തി കുട്ടിയെയും നാടോടി സ്ത്രീയെയും കൊല്ലത്തേക്ക് കൊണ്ടുപോയിരുന്നു.
ചൊവ്വാഴ്ച കുറച്ചു മണിക്കൂറുകളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും നാടോടി സ്ത്രീ തട്ടിക്കൊണ്ടുവന്ന നാലുവയസ്സുകാരി പന്തളം പോലീസിന്റെ താരമായിരുന്നു. പന്തളം പോലീസ് സ്റ്റേഷനിൽ ജി.ഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ജലജയാണ് കുട്ടിയുടെ രക്ഷകയായത്. ഏതാനും നിമിഷംകൊണ്ടുതന്നെ കുട്ടി ജലജയുമായി ഇണങ്ങി. നാടോടി സ്ത്രീക്കൊപ്പം മുഷിഞ്ഞ വേഷത്തിൽനിന്ന കുട്ടിയെ കുളിപ്പിച്ച് പുത്തനുടുപ്പും പുത്തൻ ചെരിപ്പും വാങ്ങി നൽകി. അപ്പോഴേക്കും പൊലീസ് മാമന്മാർ കളിപ്പാട്ടവുമായെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് എസ്.ഐ ബി.ഷൈനും എസ്.ഐ സന്തോഷ്‌കുമാറും മറ്റ് പൊലീസുദ്യോഗസ്ഥരും കുട്ടിയെ എടുത്ത് ലാളിക്കുന്നുണ്ടായിരുന്നു. പകൽ ജോലിചെയ്ത് ക്ഷീണിച്ചെങ്കിലും രാത്രി വളരെ വൈകി ബന്ധുക്കൾ എത്തുംവരെ പോലീസുദ്യോഗസ്ഥയായ ജലജ ഡ്യൂട്ടിക്കിടെ കുട്ടിയെ വേണ്ടവിധം സംരക്ഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.