ഷെയർ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്; മൂന്നുപേർ പിടിയിൽ
text_fieldsതൗസീഫ്, രഖേഷ്, അമർ രാജ്
കൊല്ലം: ഷെയർ ട്രേഡിങ്ങിന്റെ മറവിൽ കിളികൊല്ലൂർ സ്വദേശിയിൽ നിന്നും 1.75 കോടിയിലധികം തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട മൂന്ന് യുവാക്കൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി.
കണ്ണൂർ, ഭൂതപ്പാറ, ഓ.കെ ക്വാർട്ടേഴ്സ് നവറോജി പുരയിടത്തിൽ എൻ.പി. തൗസീഫ് (25), തൃശൂർ, കൂർക്കഞ്ചേരി തയ്യിൽ ഹൗസിൽ ടി.എസ്. രഖേഷ് (35), തൃശൂർ, മാടായിക്കോണം, തെക്കൂട്ട് ഹൗസിൽ ടി.എം.അമർ രാജ് (29) എന്നിവരാണ് കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ ട്രേഡിങ് നടത്തിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ വൻ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിർദേശങ്ങളും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിക്കാൻ തയാറായ യുവാവ് തട്ടിപ്പ് സംഘത്തിന്റെ നിർദ്ദേശപ്രകാരം യഥാർഥമായ ഒരു ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ അതേപേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു.
നിക്ഷേപിക്കുന്നതിനനുസരിച്ച് ലാഭം വർധിക്കുന്നതായി ആപ്ലിക്കേഷനിൽ കാണാൻ ഇടയായതോടെ അത് വിശ്വസിച്ച് കൂടുതൽ നിക്ഷേപം നടത്തുകയായിരുന്നു. സഹോദരിയുടെ പേരിലുള്ള സ്വത്തുക്കൾ പണയപ്പെടുത്തിവരെ യുവാവ് നിക്ഷേപം നടത്തി.
ഒടുവിൽ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് കൊല്ലം സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം അമർരാജിന്റെ നിർദ്ദേശപ്രകാരം തൗസീഫിന്റെ അക്കൗണ്ട് ഉപയോഗപ്പെടുത്തി രഖേഷ് ബാങ്കിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. പിൻവലിച്ച തുക അമർരാജിന് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊല്ലം സിറ്റി ഡി.സി.ആർ.ബി അസി. പൊലീസ് കമീഷണർ നസീറിന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപകുമാർ, നിയാസ്, നന്ദകുമാർ, എ.എസ്.ഐ അരുൺ കുമാർ, സി.പി.ഒമാരായ അബ്ദുൾ ഹബീബ്, വൈശാഖ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.