പോക്സോ കേസിലെ പ്രതി എയർപോർട്ടിൽ പിടിയിലായി
text_fieldsകടയ്ക്കൽ: പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചിതറ പൊലീസ് പിടികൂടി. ചിതറ വളവുപച്ച കോടാന്നൂർ അജ്മൽ (28) ആണ് പിടിയിലായത്. പതിനാലുകാരി ആത്മഹത്യചെയ്ത കേസിൽ പ്രതിയായ യുവാവ് ഗൾഫിൽ ഒളിവിലായിരുന്നു.
കഴിഞ്ഞവർഷം ജൂൺ 18ന് വീടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു ചിതറ സ്വദേശിനിയായ പതിനാലുകാരിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ പാങ്ങോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് വീട്ടിൽനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തുടർന്നാണ് അന്വേഷണം അജ്മലിലേക്ക് എത്തുന്നത്. ഇത് മനസിലാക്കിയ പ്രതി വിദേശത്തേക്ക് കടന്നു.
ഒന്നര വർഷത്തിന് ശേഷം കഴിഞ്ഞദിവസം തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്ന അജ്മൽ പ്രണയം നടിച്ച് പെൺകുട്ടിയെ പാലോടും,വനത്തിലും മറ്റു സ്ഥലങ്ങളിലും കാറിലും നിരവധിതവണ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പൊലീസ് കേസ്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോണിൽ നിന്നും അജ്മൽ അയച്ച സന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെത്തി.
കുട്ടിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്സോ കേസ് അടക്കം ചാർജ് ചെയ്തു അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി ഗൾഫിൽ നിന്ന് നാട്ടിൽ എത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചിതറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

