സ്കൂളിന് സൗജന്യമായി ഭൂമി നൽകി സമീപവാസി
text_fieldsസ്കൂളും എസ്.എം.സിയും സംയുക്തമായി സുലൈമാൻ കുഞ്ഞിന് നൽകിയ ആദരവ്
കരുനാഗപ്പള്ളി: സ്ഥലപരിമിതിക്കും പരാധീനതകള്‍ക്കും നടുവില്‍ ക്ലേശം അനുഭവിക്കുന്ന പൊതുവിദ്യാലയത്തിന് പ്രദേശവാസി ഭൂമി ദാനം നല്കി മാതൃകയായി. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ച് ‘മാധ്യമം’ കഴിഞ്ഞ ജൂണ്‍ 24ന് വികസനം തേടുന്ന വിദ്യാലയം എന്ന പരമ്പരയില്‍ ‘വെല്‍ഫയര്‍ സ്കൂളിനും വേണം ക്ഷേമം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഭൂി നൽകുന്നത്.
ഏഴു പതിറ്റാണ്ട് മുമ്പ് ദലിതരുടേയും കര്‍ഷകതൊഴിലാളികളുടെയും മക്കള്‍ക്ക് പഠിക്കാനായി വെല്‍ഫെയര്‍ സ്കൂള്‍ ആയി തുടക്കം കുറിച്ച തൊടിയൂര്‍ വെങ്ങറ എല്‍.പി സ്കൂളിനാണ് സമീപവാസിയായ കണ്ണമ്പള്ളി സുലൈമാന്‍ സ്കൂളിനോട് ചേർന്നു കിടക്കുന്ന വസ്തുവിൽ നിന്ന് രണ്ടേകാൽ സെന്റ് സൗജന്യമായി നൽകിയത്.
പൗരപ്രമുഖനായിരുന്ന കൊച്ചുവീട്ടില്‍ ഭാസ്കരന് പിള്ള ദാനമായി നല്കിയ 11 സെന്റ് സ്ഥലത്താണ് സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വേങ്ങറ ഗവൺമെന്റ് വെൽഫെയർ എൽ.പി സ്കൂളിന് പാചകപ്പുരയുൾപ്പെടെ നിർമിക്കുന്നതിനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്ന് പ്രഥമാധ്യാപിക എ. അനീസ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ വാർഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വസ്തുവിന്റെ പ്രമാണവും കൈമാറ്റ രേഖകളും തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി സി. ഡെമാസ്റ്ററും കരുനാഗപ്പള്ളി ഉപജില്ലാ വിദ്യഭ്യാസ ഓഫിസർ ആർ. അജയകുമാറും ചേർന്ന് സുലൈമാന്റെ പക്കല്‍ നിന്ന് ഏറ്റുവാങ്ങി.സ്കൂളും എസ്.എം.സിയും സംയുക്തമായി സുലൈമാൻ കുഞ്ഞിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉപഹാരം നൽകി. അനുമോദന യോഗം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഡംഗം ഇന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എ. അനീസ സ്വാഗതവും എസ്.എം.സി ചെയർമാൻ സജയകുമാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.