ദേശീയപാതയിലെ ഉയരപാതയിൽ വീണ്ടും വിള്ളൽ
text_fieldsദേശീയപാതയിൽ വിള്ളൽ ഉണ്ടായ ഭാഗത്ത് കലക്ടർ സന്ദർശനം നടത്തുന്നു
കൊട്ടിയം:നിർമാണം പൂർത്തിയായ ദേശീയപാതയുടെ ഭാഗമായ ഉയരപാതയിൽ വീണ്ടും വിള്ളൽ. പറക്കുളത്തിനും കൊട്ടിയം ജങ്ഷനും ഇടയിൽ ഉയരപാതയുടെ വടക്കുവശത്തെ റോഡിൽ ഏകദേശം നൂറ്റിയമ്പതോളം മീറ്റർ നീളത്തിലാണ് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് അവസാനം റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കരാറുകാരെത്തി ടാറും മിശ്രിതവും കൊണ്ട് അടച്ച ഭാഗത്താണ് വീണ്ടും വിള്ളലുണ്ടായത്.
മേയ് 28ന് രാത്രിയിൽ നിർമാണം പൂർത്തിയായി കിടക്കുന്ന ഉയരപാതയിൽ അറ്റകുറ്റപണി നടക്കുന്നതുകണ്ട് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് റോഡിൽ വിള്ളലുണ്ടായ ഭാഗം അടച്ചനിലയിൽ കണ്ടെത്തിയത്. ഏതോ മിശ്രിതം ഉപയോഗിച്ച് നീളത്തിലുള്ള വിള്ളൽ അടച്ച നിലയിലായിരുന്നു. ഇതേസ്ഥലത്ത് തന്നെയാണ് കഴിഞ്ഞതവണ വിള്ളലുണ്ടായതിനേക്കാൾ കൂടുതൽ ദൂരത്തിൽ ഇപ്പോൾ വിള്ളലുണ്ടായത്.
റോഡിൽ വീണ്ടും വിള്ളലുണ്ടായ വിവരം പുറത്തായതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി. കഴിഞ്ഞ തവണ വിള്ളലുണ്ടായപ്പോൾ കലക്ടറുടെ നിർദേശപ്രകാരം കരാർ കമ്പനിയുടെ ഉന്നതർ സ്ഥലം സന്ദർശിച്ച് ആവശ്യമായത് ചെയ്യാമെന്ന് ഉറപ്പുനൽകിയിരുന്നു. വീണ്ടും വിള്ളൽ കണ്ടതോടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഏതാനും ദിവസംമുമ്പ് ഉയരപാതയുടെ കോൺക്രീറ്റ് ലോക്ക് വീണ് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം ഉണ്ടായതിന് പിന്നാലെയാണ് റോഡിൽ വീണ്ടും വിള്ളൽ ഉണ്ടായിട്ടുള്ളത്.
വിള്ളലുണ്ടായ സംഭവം ജനപ്രതിനിധികൾ ഗൗരവത്തോടെ എടുക്കുകയും വിഷയത്തിൽ ഇടപെടുകയും ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂനിറ്റ് സെക്രട്ടറി കബീറും റൈസിങ് കൊട്ടിയം ഭാരവാഹികളും ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിലെ സുരക്ഷാവീഴ്ചക്കും അപാകതക്കുമെതിരെ ബുധനാഴ്ച യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാതയിൽ വാഴവെച്ച് പ്രതിഷേധിച്ചിരുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും സുരക്ഷാ വീഴ്ചകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കൊട്ടിയം പൗരവേദി പ്രസിഡൻറ് അഡ്വ. കൊട്ടിയം അജിത് കുമാർ പറഞ്ഞു.
കലക്ടർ സന്ദർശിച്ചു
കൊട്ടിയം: ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട സ്ഥലം കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് കലക്ടർ എൻ. ദേവിദാസ് സ്ഥലം സന്ദർശിച്ചത്. കൊട്ടിയം പറക്കുളത്തിനടുത്ത് ദേശീയപാത ഉയരപാതയിലാണ് 150 മീറ്ററോളം വിള്ളൽ രൂപപ്പെട്ടത്.
കഴിഞ്ഞ മെയ് അവസാനവാരം ഇവിടെ വിള്ളൽ രൂപപ്പെട്ടപ്പോൾ കരാർ കമ്പനിയുടെ ഉന്നതർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചിരുന്നു. വീണ്ടും ഇതേസ്ഥലത്ത് തന്നെ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്നാണ് കലക്ടർ സ്ഥലത്തു നേരിട്ടെത്തി പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.