യു.കെയില്‍ ഡോക്ടറെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിനിയിൽ നിന്ന് പണം തട്ടിച്ച നൈജീരിയന്‍ സ്വദേശി പിടിയിൽ
text_fieldsമാത്യു എമേക്ക
കൊട്ടിയം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൊല്ലം ഉമയനല്ലൂര്‍ സ്വദേശിനിയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിദേശ പൗരന് കൊട്ടിയം പൊലീസിന്റെ പിടിയിലായി. നൈജീരിയന്‍ സ്വദേശി മാത്യൂ എമേക്ക(30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. യു.കെയില്‍ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിനിയുമായി ഇയാള്‍ ഓണ്‍ലൈനിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ യുവതിയുടെ പേരില്‍ അയച്ചിട്ടുണ്ടെന്നും ഡല്‍ഹിയില്‍ കൊറിയര്‍ സര്‍വിസില്‍ എത്തിയിട്ടുള്ള അവ കൈപ്പറ്റുന്നതിന് 45,000 രൂപ അടക്കണമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് പ്രതി നിർദേശിച്ച അക്കൗണ്ടിലേക്ക് യുവതി പണം കൈമാറി. ഇത്തരത്തില്‍ യുവതിയെ നുണകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചും ഭീഷണിപ്പെടുത്തിയും പല തവണകളായി 4,90,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.ടി ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പിന്തുടര്ന്ന് ഡല്‍ഹിയിലെത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സമാനമായ കുറ്റത്തിന് ഡല്‍ഹി പൊലീസും തുടര്‍ന്ന് വയനാട് അമ്പലവയല്‍ പൊലീസും അറസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച പ്രതിയെ സാമൂഹികനീതി വകുപ്പിന്റെ കീഴില്‍ കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് കൊട്ടിയം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം എസ്.എച്ച്.ഒയുടെ ചാര്‍ജ്ജ് വഹിക്കുന്ന ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്റെ നിർദേശപ്രകാരം എസ്.ഐമാരായ നിതിന്‍ നളന്, പ്രമോദ്, മിനുരാജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.