മൈലപ്പൂര് ഷൗക്കത്താലി മൗലവി; വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതൻ
text_fieldsഓരോ നക്ഷത്രത്തിന്റെയും ആകൃതിയും അതിന്റെ അറബിനാമങ്ങളും രേഖപ്പെടുത്തി വാനശാസ്ത്രത്തിനായി ഷൗക്കത്താലി മൗലവിനിർമിച്ച യന്ത്രവുമായി മക്കളായ അബ്ദുൽ ബാരിയും അബ്ദുൽ വദൂദും
കൊട്ടിയം: ‘അന്നസീം’ എന്ന പ്രസിദ്ധീകരണത്തിന്റെ പേരിനൊപ്പം എപ്പോഴും ഓർക്കെപ്പെടുന്ന പേരായിരുന്നു മൈലപ്പൂര് ഷൗക്കത്താലി മൗലവിയുടേത്. പണ്ഡിത സംഘടനയായ ദക്ഷിണ കേരള ജംഇത്തുൽ ഉലമായുടെ മുഖപത്രമായി പതിറ്റാണ്ടുകളായി അക്ഷര വെളിച്ചം പകർന്ന്, ഈ പ്രസിദ്ധീകരണത്തിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിക്കാൻ പത്രാധിപർ എന്ന നിലയിൽ ഷൗക്കത്താലി മൗലവിക്ക് സാധിച്ചു.
ഇസ്ലാമിക വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും അഗാധമായ പാണ്ഡ്യത്യമുള്ള അദ്ദേഹത്തെ എന്നും എല്ലാവർക്കും സ്വീകാര്യനാക്കിയത് സ്വതസിദ്ധമായ വിനയവും ലാളിത്യവുമായിരുന്നു. നാലാം ക്ലാസ് വരെയാണ് സ്കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞത്. തുടര്‍ പഠനത്തിന് തൊട്ടടുത്ത് സ്കൂള്‍ ഉണ്ടായിരുന്നില്ല. മൂന്ന് മൈല്‍ അകലെയുള്ള സ്കൂളില്‍ പോയി പഠിക്കാനുള്ള സാഹചര്യവും ഇല്ലായിരുന്നു. വ്യവസ്ഥാപിതമായി സ്കൂളില്‍ പോകുന്നത് മുടങ്ങിയെങ്കിലും പഠനം നിര്‍ത്തിയിരുന്നില്ല. മലയാളവും ഇംഗ്ലീഷും മറ്റും സ്വന്തം നിലയില്‍ തന്നെ വായിച്ചുപഠിച്ചു. പിന്നീട്, പ്രത്യേക പ്രവേശന പരീക്ഷ എഴുതി, എസ്.എസ്.എല്‍.സി പൊതുപരീക്ഷക്ക് യോഗ്യത നേടി, പത്താം ക്ലാസ് പൂര്‍ത്തിയാക്കി.
അക്കാലത്ത് കച്ചവടത്തിലും ഏര്‍പ്പെട്ടിരുന്നു. കൊല്ലത്ത് സൈക്കിളില്‍ പോയാണ് സാധനങ്ങള്‍ വാങ്ങി കാളവണ്ടിയിലാക്കി കൊണ്ടുവന്നിരുന്നത്. ഒരുദിവസം ചരക്കുകള്‍ക്കായി സൈക്കിളില്‍ വരുമ്പോള്‍ എസ്.എന്‍ കോളജിനുമുമ്പില്‍ എത്തി. കോളജിലേക്ക് നോക്കുമ്പോള്‍ മൂന്നാം നിലയുടെ പണി നടക്കുകയാണ്. ‘എനിക്ക് ഇവിടെ പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ’ എന്നാണ് അപ്പോള്‍ ചിന്തിച്ചത്. ആ ആഗ്രഹം സഫലമായി. അടുത്ത വര്‍ഷം അതേ കോളജില്‍ ഇന്റര്‍മീഡിയറ്റിന് പ്രവേശനം ലഭിച്ചു. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ ഉടന്‍ ഗണിതശാസ്തത്രം മുഖ്യ വിഷയമായി ബി.എസ്.സിക്ക് പഠിച്ചു. ഇതിനിടെ പി.എസ്.സി വഴി അധ്യാപകനായി ജോലിയും ലഭിച്ചു. ഹദീസ് വിജ്ഞാനരംഗത്ത് നല്കിയ സംഭാവനകളുടെ പേരില്‍ കേരള യൂനിവേഴ്സിറ്റി അറബിക് വിഭാഗം 2012-ല്‍ ആദരിച്ച 11 പണ്ഡിതരില്‍ ഒരാളായിരുന്നു ഷൗക്കത്താലി മൗലവി.
അറബിയിലാണ് പാണ്ഡിത്യമെങ്കിലും കണക്കിന്റെ കാര്യത്തിലും സയൻസ് പഠന കാര്യത്തിലും ഇദ്ദേഹം മുന്നിലായിരുന്നു. നക്ഷത്രവ്യൂഹങ്ങളെയും ആകാശത്തെയും ഇസ്ലാമിക വീക്ഷണത്തിൽ പഠിക്കുക എന്നത് കുട്ടിക്കാലം മുതൽ ഷൗക്കത്തലി മൗലവിക്ക് വളരെ കൗതുകമായിരുന്നു. ഓരോ നക്ഷത്രത്തിന്റെയും ആകൃതിയും അതിന്റെ അറബിനാമങ്ങളും പഠി ച്ച അദ്ദേഹം, വീട്ടിൽ ഇതിനെ ശാസ്ത്രീയമായി നിർമിച്ചുവെച്ചിട്ടുണ്ട്. ‘വാനശാസ്ത്രം വിശുദ്ധ ഖുർആന്റെ വെളിച്ചത്തിൽ’ എന്ന പുസ്തകം ചിത്രങ്ങൾ സഹിതം 1984ൽ പ്രസിദ്ധീകരിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്തിൽ കൊല്ലത്ത് വിപുലമായ വാനശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചാണ് ഇത് പ്രകാശനം ചെയ്തത്.
അങ്കഗണിതം, ബീജഗണിതം, ക്ഷേത്രഗണിതം എന്നീ ഗണിതശാസ്ത്രത്തിലെ മൂന്നു ശാഖകളിലെ അടിസ്ഥാന സിദ്ധാന്തങ്ങളെ കുറിച്ച് സിറിയയിലെ ഗണിതശാസ്ത്ര പ്രതിഭയായായിരുന്ന ബഹാഉദ്ദീൻ ആമുലി രചിച്ച ഖുലാസത്തുൽ ഹിസാബ് വളരെ ലളിതമായി ഗണിതശാസ്ത്രത്തിന്റെ അടിത്തറ എന്ന പേരിലും പ്രസിദ്ധീകരിച്ചു. ഗൾഫിൽ നിന്നും വരുന്ന അറബിയിലുള്ള കത്തുകളും മറ്റും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ആളുകൾ തേടിയെത്തിയിരുന്നത് മൈലാപ്പൂര് ഷൗക്കത്താലി മൗലവിയെയായിരുന്നു. അറബി ഭാഷ വിവർത്തനം ചെയ്യുന്നതിൽ അപാര പാണ്ഡിത്യമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.