ആറ്റിൽ നിറയെ മാലിന്യം: പ്രദേശവാസികൾ രോഗഭീതിയിൽ
text_fieldsഅയത്തിൽ പാലത്തിന് സമീപം ചാക്കുകളിലാക്കി മാലിന്യം തള്ളിയിരിക്കുന്നു
കൊട്ടിയം: ചാക്കുകെട്ടുകളിലാക്കി ആറ്റിൽ തള്ളിയിരിക്കുന്ന മാലിന്യം ചീഞ്ഞുനാറിത്തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ രോഗഭീഷണിയിൽ.അയത്തിൽ ബൈപാസ് ജങ്ഷനിലുള്ള ചൂരാങ്ങൽ ആറ്റിൽ അയത്തിൽ പാലത്തിനുതാഴെ ഇരുവശങ്ങളിലുമാണ് മാലിന്യം നിറഞ്ഞത്. വലിയ ചാക്കുകെട്ടുകളിലാക്കി തള്ളിയ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്.
ദേശീയപാതക്കായി മേൽപ്പാലം നിർമിക്കുന്നതിന് ബൈപാസിലുണ്ടായിരുന്ന പഴയ പാലം പൊളിച്ചുമാറ്റി പൈലിങ് നടത്തിയപ്പോൾ ആറ് മണ്ണിട്ട് മൂടുകയും ആറ്റിലെ ജലമൊഴുക്ക് നിലക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാലിന്യം ആറ്റിൽ കെട്ടികിടക്കുന്നത്. ഇതിൽനിന്നുള്ള രൂക്ഷമായ ദുർഗന്ധം ചുറ്റുപാടും വ്യാപിക്കുകയാണ്. പാലത്തിന്റെ ഇരുവശവും കോർപറേഷന്റെ വടക്കേവിള, കിളികൊല്ലൂർ എന്നീ സോണൽ ഓഫിസുകളുടെ പരിധിയിലാണ്. കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും കോർപറേഷൻ അധികാരികളും എപ്പോഴും കടന്നുപോകാറുണ്ടെങ്കിലും കണ്ട മട്ടില്ല.
ആറ് മാലിന്യം കൊണ്ടുനിറഞ്ഞതോടെ പരിസരത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായി. അടുത്തിടെ െഡങ്കിപ്പനി പടർന്നുപിടിച്ച പ്രദേശമാണ് അയത്തിൽ. ഇതിൽനിന്ന് മോചനം നേടി വരുമ്പോഴാണ് മാലിന്യത്തിൽനിന്ന് പകർച്ചവ്യാധി ഭീതി കൂടി ഉയരുന്നത്. കോടികൾ മുടക്കി മുഖത്തല കണിയാംതോട് മുതൽ അഷ്ടമുടികായൽ വരെയുള്ള ചൂരാങ്ങൽ ആറ് നവീകരിക്കുമ്പോഴാണ് അയത്തിൽ ഭാഗത്തെ മാലിന്യ ഭീഷണി.
പ്രശ്നത്തിന് അടിയന്തരപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അയത്തിൽ നിസാം കലക്ടർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കലക്ടർ അടിയന്തര നടപടിക്ക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും അത് ഫയലിൽ ഉറങ്ങുകയാണ്. രോഗങ്ങൾ പിടിപെടും മുമ്പ് ആറ്റിലെ വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.