ഇവിടം പഴങ്ങളുടെ സുൽത്താന
text_fieldsസജീർ ബാബുവും ഭാര്യ സൗമ്യയും
കൊട്ടിയം: വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പഴവർഗങ്ങൾ കുലകുത്തി പിടിച്ചുകിടക്കുന്നത് കാണണമെങ്കിൽ ചാത്തന്നൂരിൽ എത്തിയാൽ മതി. ചാത്തന്നൂർ കാരംകോട് കുരിശുംമൂട്ടിൽനിന്ന് ഊഴായിക്കോട് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയരികിലുള്ള സജീർ ബാബുവിന്റെ സുൽത്താന എന്ന വീട്ടുവളപ്പിലാണ് ലോകത്തുള്ള ഒട്ടുമിക്ക പഴവർഗങ്ങളും പിടിച്ചു നിൽക്കുന്നത്. സുൽത്താന വളപ്പിലെ കൃഷി തോട്ടത്തിൽ എത്തിയാൽ ഒരു ചെറുവനത്തിലെത്തിയ പ്രതീതിയാണ്.
കർപ്പൂരമെടുക്കുന്ന മരം മുതൽ സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്ന പൂക്കൾ പിടിക്കുന്ന മരം വരെ ഇവിടെയുണ്ട്. ജബോട്ടിക്കാ ബാ എന്നറിയപ്പെടുന്ന മര മുന്തിരിയുടെ വിവിധ നിറങ്ങളിലും വലിപ്പങ്ങളിലുമുള്ള പതിനഞ്ചിനമാണ് ഇവിടെയുള്ളത്. ഇത് മരത്തിന്റെ ശിഖരങ്ങളിൽ പിടിച്ചു കിടക്കുന്നതു വളരെ മനോഹരമായ കാഴ്ചയാണ്.
റമ്പായി, കമ്പായി, തമ്പോയി,മപ്പായി തുടങ്ങി പന്ത്രണ്ടിനം മൂടിപ്പഴങ്ങളും, ദല സപ്പോ, ശർക്കരപ്പഴം, ഇന്തോനേഷ്യയിൽ കാണുന്ന സ്വീറ്റ് ലുവി, ചാമ്പയുടെ ഇനങ്ങളായ ഗ്രൂമി, ജമൈക്ക, ലോങ്കൻ ഫ്രൂട്ട്, റിവോ ഗ്രാൻ്റ് ചെറി, ലോകത്തു വച്ച് ഏറ്റവും കൂടുതൽ പുളിയുള്ള പഴമായ രാജ പ്പുളി, റമ്പൂട്ടാനും റമ്പൂട്ടാനെക്കാൾ മധുരമുള്ള മട്ടോവയും, നീലയും വെള്ളയും നിറങ്ങളിലുള്ള മിൽക്ക് ഫ്രൂട്ടും (പാൽപ്പഴം), സെൻ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ഇലാങ്ങ് ഇലാക്ക് എന്ന പേരിലുള്ള ചെമ്പകത്തിൻ്റെ ഹൈ ബ്രീഡ് ഇനവും, അവ കാഡോ (വെണ്ണപ്പഴം), അമേരിക്കൻ പഴമായ അബിയു (ഗോൾഡ് ഫ്രൂട്ട് ), ഡെൽ ഹാരി,സിട്ര, ബാലി തുടങ്ങി 20 ഇനം ചാമ്പയും, ഊദ് ചെടിയും, മഞ്ഞ നിറത്തിലുള്ള ഗോൾഡൻ പപ്പായയിൽ തുടങ്ങി വിവിധയിനം കപ്പക്കകൾ, പന്ത്രണ്ടിനം ട്രാഗൺ ഫ്രൂട്ടുകളും വെള്ളയും പച്ചയും നിറത്തിലുള്ള ഇലകളും രണ്ടു നിറങ്ങളിലായുള്ള കായ്കളുള്ള കുരുമുളകും, മുട്ടപ്പഴവും, ചെറിയും, ചുവന്ന കൊക്കൊയും ഒക്കെയായി 120 ഇനം വിദേശ പഴങ്ങൾ ഇവിടെയുണ്ട്.
പഴങ്ങൾ ഭക്ഷിക്കാനെത്തുന്ന കിളികളെയും, വാവലുകളെയും, അണ്ണാനെയും ഇവർ തടയാറില്ല. അതിനാൽ അവ കൂടുതലായി ശല്യം ചെയ്യാറുമില്ല.ബിസിനസുകാരനായ സജീർ ബാബു ഒന്നര പതിറ്റാണ്ടു മുമ്പാണ് റബർ കൃഷി മതിയാക്കിയ പുരയിടം വാങ്ങുന്നത്. മരങ്ങൾ മുറിച്ചു മാറ്റിയതിനെ തുടർന്ന് തട്ടായി കിടന്ന പുരയിടത്തിൽ 12 വർഷം മുമ്പാണ് വിദേശ ഇനം പഴവർഗ ചെടികൾ വച്ചുപിടിപ്പിച്ചു തുടങ്ങിയത്. കാലാവസ്ഥ ഇത്തരം ചെടികൾക്ക് വളരാൻ തടസ്സമില്ലെന്ന് കണ്ടതോടെ വിദേശ വാട്ട്സ്ആപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് വിവിധയിനങ്ങളുടെ തൈകൾ വാങ്ങി നടുകയായിരുന്നു.
വ്യാപാര ആവശ്യങ്ങൾക്കുപോയി മടങ്ങുന്ന സമയം ഭാര്യ സൗമ്യയും, മക്കളായ അലീന, അദീജ ആദം എന്നിവരുമായി ചേർന്ന് കൃഷി തുടരുകയായിരുന്നു. ഇത്രയും കൂടുതൽ വിദേശയിനം പഴങ്ങൾ പിടിച്ചു നിൽക്കുന്ന ഒരു പഴ തോട്ടം രാജ്യത്തുതന്നെ അപൂർവമാണെന്നു പറയാം. മണ്ണിൽ പൊന്നു വിളയുന്നതുകാണാനും, ഇതേക്കുറിച്ച് പഠിക്കുന്നതിനായി അഗ്രികൾച്ചറിന് പഠിക്കുന്ന വിദ്യാഥികളും പ്രഫസർമാരും സുൽത്താനയിൽ എത്താറുണ്ട്. കഠിനപരിശ്രമം നടത്തിയാൽ എന്തും നമുക്ക് വിളയിച്ചെടുക്കാനാകുമെന്നാണ് സജീർ ബാബുവും പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.