മേൽപാലം പൂർത്തിയായിട്ടും അനുബന്ധ റോഡ് നിർമാണം ബാക്കി
text_fieldsകൊട്ടിയം: ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നതിനെ തുടർന്ന് മേവറം ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയ റോഡിലൂടെയും സർവീസ് റോഡിലൂടെയും മേവറത്തിനടുത്ത് സർവീസ് റോഡിൽ വന്നുകയറുന്നതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. രാവിലെ തിരക്കേറിയ സമയങ്ങളിൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് രാത്രിവരെ നീളുക പതിവാണ്.
ഒരുഭാഗത്ത് നിർമാണം പൂർത്തിയായ റോഡിലൂടെ വരുന്ന വാഹനങ്ങൾ മേവറത്തിനടുത്ത് അടച്ചുവെച്ചിരിക്കുന്ന ഭാഗത്തെത്തി സർവീസ് റോഡിലേക്ക് കടക്കുന്നതാണ് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. സർവിസ് റോഡിലൂടെ മാത്രം വാഹനം വിട്ടാൽ എല്ലാ വാഹനങ്ങളും കടന്നുപോകുമെന്നാണ് പരിസരവാസികളും വ്യാപാരികളും പറയുന്നത്.
മേവറത്ത് മേൽപാല നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉയരപ്പാത മേൽപാലത്തിൽ കൊണ്ടുവന്ന് മുട്ടിക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തറയിൽനിന്ന് മേൽപാലം വരെയുള്ള ഉയരപ്പാതയുടെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. വാഴപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്കുള്ള ഉയരപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണുള്ളത്.
പാലത്തറയിലും മേൽപാല നിർമാണം പൂർത്തിയായെങ്കിലും ഇരുവശത്തുമുള്ള ഉയരപ്പാത എങ്ങും എത്തിയിട്ടില്ല. ഉയരപ്പാതക്കായി പരവൂർ കായലിൽനിന്നുള്ള മണ്ണ് കൊണ്ടുവന്ന് കൂട്ടിയിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്. വാഴപ്പള്ളി മേവറം ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇവിടെ പൊലീസിന്‍റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
മേവറത്തെ അടിപ്പാതക്ക് അടിയിൽ ട്രാഫിക് വാർഡന്‍റെ സേവനം മാത്രമാണുള്ളത്. കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതക്കുരുക്ക് കാരണം നിരവധി പേരാണ് വലയുന്നത്. നിർമാണ പ്രവർത്തനങ്ങൾ ഇങ്ങനെ പോയാൽ അടുത്തവർഷവും ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

