മലയോര ഹൈവേയില്‍ കാട്ടുപോത്തിന്റെ ആക്രമണം; കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്
text_fieldsകുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ കാട്ടുപോത്തിന്റെ ആക്രണത്തില്‍ ജീപ്പില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാങ്ങോടുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിയ കുളത്തൂപ്പുഴ സ്വദേശികള്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മടത്തറ - കുളത്തൂപ്പുഴ പാതയില്‍ അരിപ്പയില്‍ വച്ചായിരുന്നു അപകടം.
കുളത്തൂപ്പുഴയിലേക്ക് വന്ന ജീപ്പിലേക്ക് വലതു വശത്തു നിന്നും പാഞ്ഞടുത്ത കാട്ടുപോത്ത് ഡ്രൈവര്‍ക്ക് മുന്നിലായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് റോഡിന് എതിര്‍വശത്തെ വീടിന്റെ മതിലിലിടിച്ചാണ് നിന്നത്. കുളത്തൂപ്പുഴ പുത്തന്‍പുര വീട്ടില്‍ ഷെരീഫ് (40), ഭാര്യ ഹസീന (35), മക്കളായ ഷാഹിന്‍ (15), മുഹമ്മദ് ഷെഹിന്, ഭാര്യാമാതാവ് നെജീമ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ഉടന്‍തന്നെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
ഗുരുതര പരിക്കേറ്റ ഷെരീഫ്, നെജീമ, ഹസീന എന്നിവരെ വിദഗ്ധ ചികിത്സക്കായി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും നാള് മുമ്പ് അരിപ്പ സ്കൂളിനു സമീപത്ത് വച്ച് പാതക്കു കുറുകെ ചാടിയ മ്ലാവ് ഇടിച്ച് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടിരുന്നു.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രദേശത്താകെ കാട്ടുപോത്തുകളും കാട്ടുപന്നിയടക്കമുള്ള കാട്ടു മൃഗങ്ങളും നിത്യ സാന്നിധ്യമാണെന്നും ജനവാസ മേഖലയിലേക്ക് നിരന്തരം കടന്നെത്തുന്ന ഇവയെ ഭയന്ന് വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.