ചക്കകൾ പഴുക്കട്ടെ, ക്ഷമയോടെ കാത്ത് അമ്പലക്കുരങ്ങുകൾ
text_fieldsശാസ്താംകോട്ട ക്ഷേത്രപരിസരത്തെ പ്ലാവിൽ ചക്ക നിറഞ്ഞ് കിടക്കുന്നു
ശാസ്താംകോട്ട: ഒരു പ്ലാവിൽ നിറയെ ചക്ക കായ്ച്ച് നിന്നാൽ അതിൽ വലിയ കൗതുകം ഇല്ല. പക്ഷേ നൂറുകണക്കിന് വാനരന്മാർ അധിവസിക്കുന്ന ശാസ്താംകോട്ട ക്ഷേത്രത്തിലെ മതിൽക്കെട്ടിനോട് ചേർന്ന് നിൽക്കുന്ന പ്ലാവിൽ നിറയെ ചക്ക കായ്ച്ച് നിന്നാൽ അതിന് പ്രത്യേകതയുണ്ട്. മാത്രവുമല്ല അതിൽ വാനരൻമാരുടെ വകതിരിവിന്റെ സന്ദേശവുമുണ്ട്. 'ഞങ്ങളുടെ പ്ലാവിലെ ചക്കയിൽ ഞങ്ങൾ തൊടൂല്ല ' എന്ന സന്ദേശമാണത്.
ശാസ്താംകോട്ടയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രമാണ് വാനരന്മാരുടേത്. ഇവിടെ രണ്ടുവിഭാഗം വാനരന്മാരുണ്ട്. അമ്പലക്കുരങ്ങുകൾ എന്നും ചന്തക്കുരങ്ങുകൾ എന്നുമാണ് ഇവരെ അറിയപ്പെടുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കുരങ്ങുകളാണ് അമ്പലക്കുരങ്ങുകൾ. എന്നാൽ ക്ഷേത്രനിഷിദ്ധമായ കാര്യങ്ങൾ ചെയ്തതിന് പുറത്താക്കപ്പെട്ട കുരങ്ങുകളുടെ പരമ്പരയിൽപ്പെട്ടവരാണ് ചന്തക്കുരങ്ങുകൾ. ഒരിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പിന്നീട് ക്ഷേത്രത്തിലേക്ക് തിരികെ പ്രവേശിപ്പിക്കില്ല എന്ന അലിഖിതനിയമവുമുണ്ട്.
ചന്തക്കുരങ്ങുകൾക്ക് കൃത്യമായ ഭക്ഷണമോ മറ്റോ ലഭിക്കാറില്ല. അതിനാൽ ശാസ്താംകോട്ടയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിലെ തെങ്ങിൽനിന്ന് കരിക്ക്, വെള്ളയ്ക്ക, വാഴക്കുലകൾ, മാങ്ങ, ചക്ക തുടങ്ങി ഒട്ടുമിക്ക കാർഷികവിളകളും ഭക്ഷിക്കാനെന്ന പേരിൽ ഇവ നശിപ്പിക്കുകയാണ് പതിവ്. എന്നാൽ, അമ്പലക്കുരങ്ങുകൾക്ക് ക്ഷേത്രത്തിൽ നിന്ന് കൃത്യമായി ഭക്ഷണം നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. എങ്കിലും വാനരസഹജമായ സ്വഭാവം മൂലം ക്ഷേത്രത്തിന് തൊട്ടടുത്ത വീടുകളിലെത്തി ഇവയും ചക്കയും മാങ്ങയും കരിക്കും അടക്കമുള്ള കാർഷിക വിളകളൊക്കെ അടർത്തിയെടുത്ത് ഉപയോഗിക്കും.
ചക്കക്കളകൾ വീഴുമ്പോഴേക്കും അതും അടർത്തിയെടുക്കുന്ന വാനരൻമാർ പക്ഷേ ക്ഷേത്രത്തിലെ പ്ലാവിൽ വീണ ഒരു ചക്കക്കളപോലും നശിപ്പിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. അവയൊക്കെ വളർന്ന് ചക്ക ആയിട്ടും അതിലും തൊട്ടിട്ടില്ല. ഈ ചക്കകൾ പഴുത്തെങ്കിൽ മാത്രമേ അമ്പലക്കുരങ്ങുകൾ എല്ലാവരും എത്തി പങ്കിട്ടെടുക്കൂ. ഈ വർഷം ഇതിനോടകം പഴുത്ത രണ്ട് മൂന്ന് ചക്കകൾ ഇത്തരത്തിൽ വാനരന്മാർ പങ്കിട്ടെടുത്തിരുന്നു. വാനരന്മാർ കഴിക്കട്ടെ എന്ന രീതിയിൽ പ്ലാവിലും അടിമുടി ചക്കയുണ്ട്. മുമ്പും കുരങ്ങുകൾ അമ്പലപ്ലാവിലെ ചക്കയെ ഒഴിവാക്കിയിരുന്നെന്ന് ക്ഷേത്ര ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. വാനരൻമാരുടെ സ്വാഭാവിക ഭക്ഷണം ലഭ്യതക്ക് ദേവസ്വം ബോർഡ് ക്ഷേത്രപരിസരത്ത് മാവ്, പ്ലാവ്, കശുമാവ് പോലുള്ള നാട്ടുമരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു പ്ലാവിലാണ് നിറയെ ചക്കയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.