മൈനാഗപ്പള്ളി റെയിൽവേ മേൽപാലം ഭൂമി നഷ്ടമാകുന്നവരുടെ ആശങ്ക പരിഹരിക്കും: എം.പി
text_fieldsമൈനാഗപ്പള്ളി റെയിൽവേ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഭൂവുടമകളുടെ യോഗം
കൊല്ലം: മൈനാഗപ്പള്ളി റെയിൽവേ മേൽപാലം നിർമാണത്തിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഭൂവുടമകളുടെ ആശങ്ക പരിഹരിക്കുന്നതിനായി കലക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് എം.പി ഇക്കാര്യം വ്യക്തമാക്കിയത്. മേൽപാലത്തിനായി ഏകദേശം നാല് കുടുംബങ്ങളുടെ ഭൂമിയാണ് ഭാഗികമായി ഏറ്റെടുക്കുക.
ഒരു ഭാഗം മാത്രം ഏറ്റെടുക്കുന്നതോടെ ശേഷിക്കുന്ന ഭൂമി പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്ന കുടുംബങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
പൈലിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമീപത്തെ വീടുകൾക്ക് കേടുപാട് സംഭവിക്കാനുള്ള സാധ്യത സംബന്ധിച്ചും ഭൂവുടമകൾ ആശങ്ക ഉന്നയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിലവിലെ സ്ഥിതി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പദ്ധതിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനൊപ്പം പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടണം.
വികസന പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് അധിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും എം.പി പറഞ്ഞു. ഉല്ലാസ് കോവൂർ എം.എൽ.എ, കലക്ടർ ആനി ജൂലാ തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

