റെയിൽവേ ഭൂമി മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, കൊല്ലത്തിന് നാണക്കേട്
text_fieldsകൊല്ലം: മാലിന്യം കുന്നുകൂടുന്ന കേന്ദ്രങ്ങളായി നഗരമധ്യത്തിലെ പ്രധാനപ്പെട്ട റെയിൽവേ വക സ്ഥലങ്ങൾ മാറിയതോടെ കൊല്ലം നാണക്കേടിൽ തലകുനിക്കേണ്ട സ്ഥിതിയിൽ. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം കോർപറേഷൻ ഉൾപ്പെടെ മാലിന്യമുക്തമെന്ന് പ്രഖ്യാപനം നടത്തി ഒരുവർഷം പിന്നിട്ട വേളയിൽ കൊല്ലത്തെ മാലിന്യകേന്ദ്രങ്ങൾ പഴയപടിയിൽ തുടരുന്നു എന്നതാണ് യാഥാർഥ്യം. നഗരത്തിന്റെ ഹൃദയമായ ചിന്നക്കടയിൽ പഴയ കുഞ്ഞമ്മപാലത്തിന് സമീപം പെട്രോൾ പമ്പിനോട് ചേർന്ന റെയിൽവെയുടെ കൈവശമുള്ള സ്ഥലവും കർബലയിൽ മെമു ഷെഡിന് പിൻവശവുമാണ് മാലിന്യനിക്ഷേപകേന്ദ്രങ്ങളായി നഗരത്തിന് നാണക്കേടുണ്ടാക്കുന്നത്. ജൈവ-അജൈവ മാലിന്യം നിറഞ്ഞ ഈ ഭാഗങ്ങളിലൂടെ മൂക്കുപൊത്താതെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മാലിന്യവിഷയത്തിൽ നടപടി എടുക്കേണ്ട കോർപറേഷനും ശുചിത്വ മിഷനുമെല്ലാം റെയിൽവെ ഭൂമിയിലെ മാലിന്യം ‘കാണാതെ’ പോകുമ്പോൾ മൂക്കുപൊത്തേണ്ട സ്ഥിതിയിൽ നാണംകെടുന്നത് കൊല്ലം നഗരമാണ്.
ചിന്നക്കടയിൽ ആദ്യം കുഴിയായി കിടന്ന റെയിൽവെ ഭൂമി വർഷങ്ങളായി ‘പ്രധാന’ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു. ഇവിടെ കുന്നുകൂടി കുഴി തന്നെ നികന്ന തരത്തിൽ മാലിന്യം നിറഞ്ഞുകൊണ്ടിരിക്കെ, റെയിൽവെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് നിക്ഷേപിക്കുകയും മാലിന്യം അടിയിൽ പോകുകയും ചെയ്തിരുന്നു. വീണ്ടും മാലിന്യനിക്ഷേപം തകൃതിയായി തുടരവേ ആണ് കഴിഞ്ഞ വർഷം ശുചിത്വ കേരള മിഷൻ മാലിന്യമുക്ത പ്രഖ്യാപനവുമായി രംഗത്തെത്തിയത്. കോർപറേഷൻ മാലിന്യത്തിൽനിന്ന് മുക്തമായെന്ന് പ്രഖ്യാപിക്കണമെങ്കിൽ ചിന്നക്കടയിലെ റെയിൽവെ ഭൂമിയിലെ മാലിന്യം ‘ഒളിപ്പിക്കണമെന്ന്’ ആയപ്പോൾ അതിനുമുകളിലേക്ക് വീണ്ടും മണ്ണ് വീണു, അവിടം ക്ലീൻ ആയി. അതോടെ ഏതാണ്ട് റോഡ് നിരപ്പിനും മുകളിലേക്ക് നിരന്ന ഈ ഭാഗം കുറച്ച് മാസം ‘ക്ലീൻ ഇമേജ്’ കാത്തുസൂക്ഷിച്ചു. എന്നാൽ, വീണ്ടും പൂർവാധികം ശക്തിയോടെ മാലിന്യം ഇവിടെ വലിച്ചെറിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സമീപത്തുള്ള ഭക്ഷണവിൽപനശാലകളിൽ നിന്നുള്ളതും മറ്റ് കടകളിൽ നിന്നുള്ളതും ഉൾപ്പെടെ മാലിന്യം ഇവിടെ ചാക്കിൽ കെട്ടി തള്ളുകയാണ്. സമാനസ്ഥിതിയിലാണ് കർബല റോഡിൽ റെയിൽവെ ഭൂമിയിൽ മെമു ഷെഡിന് പിറകിലുള്ള മാലിന്യ കൂമ്പാരം. ഇവിടെ റെയിൽവേയിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതാണ് പ്രധാനമായും കൂമ്പാരം കൂട്ടിയിരിക്കുന്നത്. ഇതിന് ‘ഐക്യദാർഢ്യം’ പ്രഖ്യാപിച്ച് നാട്ടുകാരും ഇവിടെ മാലിന്യം ഉപേക്ഷിക്കുന്നുണ്ട്. നഗരത്തിൽ ദിനംപ്രതി പതിനായിരങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ചാക്കുകണക്കിന് മാലിന്യമാണ് ഇവിടെയുള്ളത്. കവറിൽ കെട്ടിവെച്ചിരിക്കുന്നത് നായ്ക്കൾ വലിച്ചുകീറി ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ബോക്സുകളും മറ്റ് മാലിന്യവും ഉൾപ്പെടെ ചുറ്റും ചിതറിക്കിടക്കുന്ന അവസ്ഥയാണുള്ളത്. കടുത്ത ദുർഗന്ധമാണ് ഇതുവഴി പോകുമ്പോൾ അനുഭവപ്പെടുന്നത്.
നഗരത്തിൽ ബീച്ച് മേഖലയിലും പീരങ്കി മൈതാനം പോലെ മറ്റിടങ്ങളിലും വലിച്ചെറിഞ്ഞതും കാലങ്ങളായി കൂട്ടിയിട്ടതുമായ മാലിന്യം നീക്കുന്ന കോർപറേഷൻ പക്ഷേ, റെയിൽവെ ഭൂമിയിലെ മാലിന്യം കാണാതെപോകുകയാണ്. ശുചിത്വ മിഷനും ഇവിടേക്ക് ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല. ഹരിതകർമസേനയും ജൈവമാലിന്യ സംസ്കരണ യൂനിറ്റും പോലുള്ള സംവിധാനം ഉണ്ടായിരിക്കെ റെയിൽവെ അധികൃതരുമായി ചർച്ച നടത്തി പ്ലാസ്റ്റിക് , ജൈവ മാലിന്യം ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും സംവിധാനം ഒരുക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

