സ്കൂൾകുട്ടികളുടെ മുന്നിൽ കൊല: പ്രതിക്ക് ജീവപര്യന്തം
text_fieldsസിയാദ്
കൊല്ലം: സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വിദ്യാർഥികളുടെ മുന്നിൽ വെച്ച് ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. സംഭവത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചതിൽ കൊലപാതകശ്രമത്തിന് ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ കൂടി പ്രതിക്ക് വിധിച്ചു. കൊറ്റങ്കര ചന്ദനത്തോപ്പ് ഫാത്തിമ മൻസിലിൽ സാബു എന്ന സിയാദിനെ(47) ആണ് കൊല്ലം അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി -5 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
കരിക്കോട് ടി.കെ.എം സ്കൂൾ കോമ്പൗണ്ടിൽ വെച്ച് 2015 ജനുവരി 29ന് ഓട്ടോ ഡ്രൈവറായിരുന്ന കിളികൊല്ലൂർ ഭാരത് നഗർ 47ൽ ധന്യ മന്ദിരത്തിൽ ധർമരാജന്റെ മകൻ ധനീഷിനെ(26) കൊലപ്പെടുത്തിയ കേസിലാണ് ഐ.പി.സി 302ാം വകുപ്പുപ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചത്. നൂറുദ്ദീൻ, ബദറുദ്ദീൻ എന്നിവരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഐ.പി.സി 307ാം വകുപ്പ് പ്രകാരം ഏഴ് വർഷം തടവ് ശിക്ഷ. കേസിൽ ഇരവിപുരം ഇൻസ്പെക്ടർ വി.എസ്. പ്രദീപ് കുമാർ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
തുടർന്ന് ഇൻസ്പെക്ടർ ബി. പങ്കജാക്ഷൻ കുറ്റപത്രം സമർപ്പിച്ചു. സിയാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഇളമ്പള്ളൂർ പെരുമ്പുഴ അമ്പലവിളവീട്ടിൽ സനീറിനെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനാൽ വിചാരണ നേരിട്ടില്ല. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനനും പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫിസർ അഭിലാഷും ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.