ദേശീയപാത: ഉയരപ്പാതയുടെ ആർ.ഇ വാളുകള്‍ പുറത്തേക്ക് തള്ളുന്നു
text_fieldsകൊട്ടിയം: ദേശീയപാത വികസന ഭാഗമായി കാവനാട് മുതല്‍ പാരിപ്പള്ളി വരെ നിർമാണം പൂർത്തിയാക്കിയ ഉയരപ്പാതയുടെ ആർ.ഇ വാളുകള്‍ അപകടകരമാം വിധം പുറത്തേക്ക് തള്ളുന്നു. മണ്ണ് നിറച്ച് സ്ഥാപിച്ച ആർ.ഇ പാനലുകള്‍ക്ക് സ്ഥാനചലനം സംഭവിച്ച് പുറത്തേക്ക് തള്ളുന്നതാണ് ആശങ്ക ഉയർത്തുന്നത്. പലയിടത്തും ചരിവും വിള്ളലുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. മഴ ശക്തമായതോടെ ആർ.ഇ വാളുകളില്‍ ഈർപ്പം പടർന്നതും ആശങ്ക ഇരട്ടിയാക്കുന്നു. നൂതന സാങ്കേതികവിദ്യയില്‍ നിർമിച്ചതെന്ന് അവകാശപ്പെടുന്ന ഉയരപ്പാതയിലെ ഈ മാറ്റങ്ങള്‍ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.
മൂന്നുമാസം മുമ്പ് പാരിപ്പള്ളി ജങ്ഷനിലെ ഫ്ലൈഓവറിനും വർക്കല ഭാഗത്തേക്കുള്ള അടിപ്പാതക്കും ഇടയിലുള്ള ഉയരപ്പാതയുടെ വശങ്ങളില് വാളുകള്‍ പുറത്തേക്ക് തള്ളിയിരുന്നു. തുടർന്ന് പാരിപ്പള്ളി മുതല്‍ കാവനാട് വരെ റീച്ചില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. തുടർന്ന് ജിയോടെക്നിക്കല്‍ എൻജിനിയറിങ്ങിന്റെ ഭാഗമായുള്ള മണ്ണിലെ വായുഅറകള്‍ ഇല്ലാതാക്കി സാന്ദ്രത കൂട്ടുന്ന സോയില്‍ നെയ്ലിങ് സംവിധാനത്തിലെ റോക്ക് ബോള്‍ട്ടിങ് നടത്തി ബോള്‍ട്ടുകള്‍ ഡ്രില്‍ ചെയ്തിരുന്നു.
ഇതിന് പിന്നാലെ കൂടുതല്‍ സ്ഥലങ്ങളിലും ആർ.ഇ വാളുകള്‍ പുറത്തേക്ക് തള്ളുന്നതായി കണ്ടെത്തി. നൂറോളം പാനലുകളാണ് ഇത്തരത്തില്‍ മേവറം -പാരിപ്പള്ളി മേഖലയില്‍ അപകടാവസ്ഥയില്‍ തള്ളിനില്‍ക്കുന്നത്. സോയില്‍ നെയ്ലിങ് കൊണ്ടുമാത്രം ആർ.ഇ വാളുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധർ നല്കുന്ന സൂചന. നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിലെ മണ്ണിന്റെ പരിശോധനയും ഭൂമിയുടെ താങ്ങല്ശേഷിയും വിദഗ്ധ സംഘം പരിശോധിച്ച് തുടർനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ദേശീയപാത 66ലെ മൈലക്കാട് അപകടത്തെ തുടർന്ന് ആർ.ഇ വാളുകളുടെ തകർച്ചയും മണ്ണ് താഴുന്നതും ജിയോടെക്നിക്കല്‍ ഏജൻസികളെ ഉപയോഗിച്ച് വിദഗ്ധ സമിതികള്‍ പരിശോധന നടത്തിവരികയാണ്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.

