ഓപറേഷൻ തൂഫാൻ; 13.480 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsഉമേഷ് ലാൽ
ചവറ: ഓപറേഷൻ തൂഫാൻ ദ നാർകോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഡാൻസാഫ് സംഘവും ചവറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 13.480 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. ചവറ കുളങ്ങര ഭാഗം ഉമേഷ് ഭവനം വീട്ടിൽ ഉമേഷ് ലാലിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ, കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ ശ്രമഫലമായി ഒരാഴ്ചയ്ക്കുള്ളിൽ മാത്രം അഞ്ച് കേസുകളിലായി 43.74 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം 1.05 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് ഷഫീഖ് എന്ന യുവാവിനെ ചവറ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉമേഷ് ലാലിനെ പിടികൂടിയത്. ആഡംബര ജീവിതം നയിക്കുന്നതിനായി ബംഗളൂരുവിൽനിന്നും കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് വാങ്ങി, ചവറയിലും സമീപപ്രദേശങ്ങളിലുമുള്ള സ്കൂൾ-കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും ഉയർന്ന വിലയിൽ വിതരണം ചെയ്തുവരുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.
നാർകോട്ടിക് സെൽ എ.സി.പി റോബർട്ട് ജോണി, കരുനാഗപ്പള്ളി എ.സി.പി സി. ജോൺ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, ചവറ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ഹരിലാൽ എന്നിവരടങ്ങിയ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ കൊല്ലം സിറ്റി പൊലീസ് ശക്തമായ നടപടികൾ തുടരുമെന്നും, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

