അയൽവാസിയുടെ വീടിന് തീവെച്ച കേസിലെ പ്രതി അറസ്റ്റിൽ
text_fieldsഷഹനാസ്
ഓയൂർ: മുൻവൈരാഗ്യത്തെത്തുടർന്ന് അയൽവാസിയുടെ വീട് തീവെക്കുകയും മാരകായുധം കാട്ടി വധഭീഷണി മുഴക്കുകയും ചെയ്ത അച്ഛനും മകനുമെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ ആശുപത്രിയിൽ ചികിത്സ തേടി. ഇവർ കേസന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു.
വട്ടപ്പാറ ചെറുവട്ടിക്കോണം കൊടിയിൽ വീട്ടിൽ ഷഹനാസിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുമായുള്ള ബലപ്രയോഗത്തിനിടയിൽ മറിഞ്ഞ് വീണ് ഷഹനാസിന്റെ പിതാവ് യഹിയാഖാൻ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്നോടെയായിരുന്നു സംഭവം. ഷഹനാസ് അയൽവാസിയായ ചെറുവട്ടിക്കോണം വീട്ടിൽ ഷാജിയുടെ വീടിന്റെ അടുക്കളയോട് ചേർന്ന വർക്ക് ഏരിയക്കാണ് തീയിട്ടത്. പരാതിയെത്തുടർന്ന് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നും എസ്. സി.പി.ഒമാരായ വിഷ്ണു രാജും, ശിവപ്രസാദും ഷഹനാസിന്റെ വീട്ടിലെത്തി.
ഷഹനാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ്. സി.പി.ഒ വിഷ്ണുവിനെ തള്ളി താഴെയിട്ട് ഷഹനാസ് ഓടിപ്പോയി. ഇതിനിടെ, ഷഹനാസിന്റെ പിതാവ് യഹിയാഖാൻവീട്ടിൽ നിന്നും വെട്ടുകത്തി എടുത്തു കൊണ്ട് വന്ന് പൊലീസുകാരെ അക്രമിക്കാൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഷഹനാസ് നിരവധി കേസുകളിലെ പ്രതിയാണ്. മുമ്പ് ഷാജി ഉപയോഗിച്ചിരുന്ന കാർ അടിച്ച് തകർത്ത സംഭവത്തിൽ ഇയാൾക്കെതിരെ ഷാജി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാകാം ഷാജിയുടെ വീടിന് തീവെച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൂയപ്പള്ളി എസ്. ഐ രജനീഷ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷഹനാസിനെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ നിന്നും വിടുതൽ ലഭിക്കുന്ന മുറയ്ക്ക് യഹിയാഖാനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

