ചക്കമലയിലെ പഞ്ചായത്ത് ഫ്ലാറ്റ് സമുച്ചയം മാലിന്യക്കൂമ്പാരം
text_fieldsചക്കമല പഞ്ചായത്ത് ഫ്ലാറ്റ് സമുച്ചയത്തിലെ മാലിന്യക്കൂമ്പാരം
കടയ്ക്കൽ: ചിതറ ചക്കമലയിൽ കോടികൾ ചെലവഴിച്ച് ചിതറ ഗ്രാമപഞ്ചായത്ത് 20 കുടുംബങ്ങൾക്ക് താമസിക്കാൻ നിർമിച്ച ഫ്ലാറ്റ് മാലിന്യ കൂമ്പാരമായി. ഹരിതകർമ സേനക്ക് മാലിന്യം ഡമ്പ് ചെയ്യാനുള്ള കേന്ദ്രമായിരിക്കുകയാണിവിടം.
2010 ൽ നിർമാണം ആരംഭിച്ച് 2014 ൽ അന്നത്തെ റവന്യൂ മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം നടത്തിയ ഫ്ലാറ്റാണിത്. ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനയുടെ മുഴുവൻ മാലിന്യവും ഇവിടെയാണ് തള്ളുന്നത്. തെങ്കാശി-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് പുറമ്പോക്ക് നിവാസികളെ കുടിയൊഴിപ്പിച്ചപ്പോൾ ചിതറ പഞ്ചായത്തിലെ അന്നത്തെ യു.ഡി.എഫ് ഭരണസമിതി ഇവരെ പുനരധിവസിപ്പിക്കാൻ നിർമിച്ച് നൽകിയതാണ് ചക്കമലയിലെ ഈ പഞ്ചായത്ത് ഫ്ലാറ്റ്.
ചിതറ ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തുന്ന എൽ.ഡി.എഫ് ഭരണസമിതിയാണ് ഇത് മാലിന്യം പുറംതള്ളുന്ന ഇടമാക്കിമാറ്റിയത്. ആദ്യം കുടിവെള്ള സൗകര്യമോ വൈദ്യുതിയോ നൽകാത്തതിനെ തുടർന്ന് ആരും ഇവിടെ താമസിക്കാൻ തയാറായില്ല. കോവിഡ് സമയത്ത് രോഗികളുടെ താമസകേന്ദ്രമാക്കിയതിനെതുടർന്ന് വൈദ്യുതിയും കുടിവെള്ളവും എത്തിച്ചിരുന്നു. നാശത്തിന്റെ വക്കിലെത്തിയ അരയേക്കറിൽ നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയം നിലവിൽ നശിച്ച അവസ്ഥയിലാണ്. രണ്ടരക്കോടി രൂപ ഇതുവരെ ഈ ഫ്ലാറ്റിന് ചെലവാക്കിയിട്ടുണ്ട്.
ഫ്ലാറ്റിന് സമീപമാണ് ചക്കമല എൽ.പി സ്കൂളും പൂച്ചടികാല മുസ്ലിം ജമാഅത്ത് പള്ളിയും. ഈ ഭാഗങ്ങളിലും മാലിന്യത്തിന്റെ ദുർഗന്ധം കാരണം നിൽക്കാൻ കഴിയാത്ത നിലയിലാണ്. കോൺഗ്രസ് നേതൃത്വത്തിൽ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.