അയൽവാസിയെ അടിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ചികിത്സയിലിരിക്കെ മരിച്ചു
text_fieldsപത്തനാപുരം: അയൽവാസിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്ന പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കുന്നിക്കോട് അൽഭി ഭവനിൽ സലാഹുദ്ദീൻ (64)ആണ് മരിച്ചത്. അയൽവാസിയായിരുന്ന അനിലിനെ മർദിച്ച് കൊന്നെന്ന കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു സലാഹുദ്ദീൻ.
അതിനിടെ പക്ഷാഘാതം സംഭവിച്ച സലാഹുദ്ദീനെ ജൂലൈ 12 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലായിരുന്നു ചികിത്സ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് കൈമാറി.
2022 സെപ്റ്റംബർ 17നായിരുന്നു കേസിനാസ്പദ സംഭവം. അനിലിനെ സലാഹുദ്ദീനും മകൻ ദമീജ് അഹ്മദും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സലാഹുദ്ദീനൊപ്പം മകനും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. സൈതലവി ഫാത്തിമയാണ് സലാഹുദ്ദീന്റെ ഭാര്യ. ഷാഹുൽ ഹമീദ്, അൽഫിയ എന്നിവർ മറ്റ് മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.