സർക്കാർ ഭൂമിയിലെ മരംമുറി സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്
text_fieldsകുളപ്പാറ മേഖലയിൽ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നു
പത്തനാപുരം :റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയെന്ന് സ്ഥിരീകരിച്ച് ഭൂരേഖ തഹസീൽദാർ. പട്ടാഴി മൈലാടുംപ്പാറ വാർഡിലെ കുളപ്പാറ മേഖലയിൽ വ്യാപകമായി റവന്യൂ ഭൂമിയിൽനിന്നും മരങ്ങൾ മുറിച്ചുമാറ്റിയ വാർത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച ഭൂരേഖ തഹസീൽദാർ ജി.കെ. ഉമയുടെ നേതൃത്വത്തിലുള്ള സംഘം കുളപ്പാറയിലെത്തി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ റവന്യൂ ഭൂമി അളന്നുതിട്ടപ്പെടുത്തിയത്.
രണ്ടര ഏക്കറിലേറെ റവന്യൂ ഭൂമി ഇവിടെ ഉണ്ടെന്നാണ് വില്ലേജ് അധികൃതർ തഹസീൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. റവന്യൂ ഭൂമി അളന്നുതിട്ടപ്പെടുത്തുന്ന നടപടി ശനിയാഴ്ചയും തുടരും. ഇതുവരെ ഭൂമി അളന്നുതിരിച്ച ഭാഗത്തുനിന്ന് ഏഴുമരങ്ങൾ മുറിച്ചുമാറ്റിയതായി ഭൂരേഖ തഹസിൽദാർ റിപ്പോർട്ട് നൽകി. എന്നാൽ, ഇവിടെ നിന്നും മരങ്ങൾ മൂടോടെ പിഴുത് മാറ്റിയത് കണക്കിൽ വന്നിട്ടില്ല.
സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും റബർമരം മുറിച്ചുമാറ്റുന്നതിന്റെ മറവിലാണ്, റവന്യൂ ഭൂമിയിൽ നിന്നും വിലപിടിപ്പുള്ള മരങ്ങളും മുറിച്ചു മാറ്റിയത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന മരക്കുറ്റികൾ പിഴുതുമാറ്റുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പാണ് ഇവിടെനിന്നും മരങ്ങൾ മുറിച്ചുകടത്തിയത്. റവന്യു ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റിയത് അറിയാതിരിക്കാൻ അതിർത്തി നിർണയിച്ചിരുന്ന കല്ലുകളും മറ്റും നശിപ്പിച്ചിരുന്നു. അതേസമയം ഇവിടെ പഞ്ചായത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ടും റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതിർത്തി നിർണയം പൂർത്തിയാകുന്നതോടെ കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയ കാര്യം പുറത്തുവരും. ഇതനുസരിച്ച് ഭൂ ഉടമക്കെതിരെയും മരങ്ങൾ മുറിച്ചുമാറ്റിയ കരാറുകാരനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഭൂരേഖ തഹസീൽദാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.