തെരുവുനായ് ശല്യത്തിന് അറുതിയില്ല: ഷെൽട്ടർ ഹോം നിർമാണം പാതിവഴിയിൽ
text_fieldsപത്തനാപുരം നെടുമ്പറമ്പിൽ സ്കൂളിലേക്കുള്ള വഴിയിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ വിശ്രമിക്കുന്ന കാഴ്ച
പത്തനാപുരം: സ്കൂൾ പരിസരങ്ങളിൽ ഉൾപ്പെടെ തെരുവ് നായശല്യം വർധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. ജില്ല പഞ്ചായത്ത് മുൻ കൈയെടുത്ത് കുരിയോട്ട് മലയിൽ നിർമാണം ആരംഭിച്ച ഷെൽട്ടർ ഹോമും പ്രവർത്തന സജ്ജമായില്ല. പത്തനാപുരം, പിറവന്തൂർ, വിളക്കുടി, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ പഞ്ചായത്തുകളിലൊക്കെ തെരുവ് നായശല്യം രൂക്ഷമാണ്.
ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുരിയോട്ട് മലയിൽ വർഷങ്ങൾക്ക് മുൻപാണ് ഷെൽട്ടർ ഹോമിന്റെ നിർമാണം ആരംഭിച്ചത്. എന്നാൽ നാളിതുവരെയായിട്ടും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഒന്നര വർഷം മുൻപാണ് എട്ട് വയസുകാരി തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അന്ന് ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ ഇടപ്പെട്ട് തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ തുടർന്നും അധികാരികൾ മൗനം പാലിക്കുകയാണ് ചെയ്തത്.
കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ നിയഫൈസൽ( 8) കഴിഞ്ഞ മെയിലാണ് പേവിഷബാധയേറ്റ് മരിച്ചത്. നിയ ഫൈസലിന് വാക്സിനേഷൻ നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഉൾപ്പെടെ നാല് ഡോക്ടർമാർക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ നടപടിയെടുക്കാനും അധികൃതർ തയാറല്ല. തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് തദേശസ്വയം ഭരണ സ്ഥാപനങ്ങൾ നേരിട്ട് നഷ്ട പരിഹാരം നൽകാൻ ഉത്തരവാദികളാണെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും തദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതൊന്നും മുഖവിലക്ക് പോലും എടുക്കുന്നില്ലെന്നാണ് വ്യാപകമായ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

