തിളക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക്; തെളിവില്ല, മൊഴികളിൽ വൈരുധ്യം, അടിമുടി ദുരൂഹത
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷന് സമീപം വടയും പഴംപൊരിയുമുണ്ടാക്കി വിൽക്കുന്ന കടയിൽ പലഹാരം ഉണ്ടാക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് ഇട്ട് തിളപ്പിച്ചു എന്ന ആരോപണത്തിൽ അടിമുടി ദുരൂഹതയെന്ന് ഫുഡ് സേഫ്റ്റി വിഭാഗം. സംഭവത്തിൽ തെളിവൊന്നും ലഭിച്ചില്ലെന്നും മൊഴികളിൽ വൈരുധ്യവുമുണ്ടെന്നും ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷനർ.
പ്ലാസ്റ്റിക് ചേർത്താൽ ഭക്ഷണത്തിനുണ്ടാകുന്ന ശാസ്ത്രീയമാറ്റങ്ങളും ഈ ആരോപണത്തോട് ഒത്തുപോകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലും അന്വേഷണത്തിലുമാണ് സംഭവത്തിൽ ദുരൂഹത തിളച്ചുമറിയുന്നത്.
തിളക്കുന്ന എണ്ണയിൽ ഉരുക്കുന്നതിനായി പ്ലാസ്റ്റിക് ഇട്ടു എന്ന ഗുരുതര ആരോപണം സ്ഥാപിക്കുന്ന ഒരു തെളിവും ഫുഡ് സേഫ്റ്റി ജില്ല അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ചിട്ടില്ല. ആരോപണമുന്നയിച്ചവരുടെ മൊഴിയിലൊന്നും എണ്ണയിൽ പ്ലാസ്റ്റിക് ഇടുന്നത് കണ്ടു എന്നില്ല, കിടക്കുന്നത് കണ്ടു എന്നേയുള്ളൂ.
എന്നാൽ, തങ്ങൾ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുന്ന ജീവനക്കാരുടെ മൊഴിയിൽ സംഭവസ്ഥലത്ത് ആദ്യം പ്രശ്നം ഉന്നയിച്ചയാൾക്കെതിരെ ഗുരുതര ആരോപണവുമുണ്ട്. ചട്ടിയിൽ വശത്ത് ചേർത്ത് വെച്ച് പാമോയിൽ കവറിൽ നിന്ന് എണ്ണ ഒഴിക്കുമ്പോൾ പുറത്ത് നിന്ന് പെട്ടെന്ന് ക്ഷോഭിച്ചുകൊണ്ട് കയറിവന്ന ഒരാൾ കൈയിൽ ഇരുന്ന ന്യൂസ്പേപ്പറും തുടർന്ന് കടയിലിരുന്ന പ്ലാസ്റ്റിക് കവറും എടുത്ത് എണ്ണയിൽ ഇടുകയും ബഹളം വെക്കുകയുമായിരുന്നു എന്ന ഗുരുതര ആരോപണമാണ് അസം സ്വദേശികളായ തൊഴിലാളികൾ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിക്കുന്നത്.
അതേസമയം, സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും ഫുഡ് സേഫ്റ്റി നിയമം ഷെഡ്യൂൾ നാല് പ്രകാരമുള്ള ക്രമീകരണങ്ങളും വൃത്തിയും പാലിച്ചിട്ടില്ലെന്നുമുള്ള കേസ് ഫുഡ് സേഫ്റ്റി വിഭാഗം രജിസ്റ്റർ ചെയ്തു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും.
തിളച്ച് ദുരൂഹത
ബുധനാഴ്ചയാണ് കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള ചെറിയ കടയിൽ പ്ലാസ്റ്റിക് ഇട്ട് ഉരുക്കിയ എണ്ണയിൽ ഭക്ഷണമുണ്ടാക്കുന്നു എന്ന ആരോപണമുയർന്നത്. നാട്ടുകാർ കൂടി പ്രശ്നമുണ്ടാക്കിയതോടെ സംഭവസ്ഥലത്ത് പരിശോധനക്ക് എത്തിയതും സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചതും കോർപറേഷൻ ഹെൽത്ത് സ്ക്വാഡ് ആണ്. എന്നാൽ, ഹെൽത്ത് സ്ക്വാഡ് ഉദ്യോഗസ്ഥനും പ്ലാസ്റ്റിക് ഇട്ടതോ ഉരുക്കുന്നതോ അത്തരത്തിലുള്ള എണ്ണയോ കണ്ടിട്ടില്ല. അപ്പോഴേക്കും എണ്ണ കളഞ്ഞിരുന്നു.
ലീഗൽ സാമ്പിൾ എടുത്ത് പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യേണ്ട ചുമതലയുള്ള ഫുഡ് സേഫ്റ്റി വിഭാഗത്തെ അറിയിച്ചതിൽ വൈകിയെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴേക്കും കട കോർപറേഷൻ ഹെൽത്ത് വിഭാഗം അടപ്പിച്ചിരുന്നു. തുടർന്ന്, വ്യാഴാഴ്ചയാണ് കട തുറപ്പിച്ച് പരിശോധിച്ചത്.
ഹെൽത്ത് സ്ക്വാഡ് ശേഖരിച്ച ഭക്ഷണസാമ്പിളും കൈമാറി. ഇത് തിരുവനന്തപുരത്തെ ലാബിൽ പരിശോധനക്കയച്ചു. ഒഴുക്കിക്കളഞ്ഞതിനാൽ ആരോപണ വിധേയമായ എണ്ണ പരിശോധനക്കെടുക്കാൻ കഴിഞ്ഞില്ല എന്നതുൾപ്പെടെ വീഴ്ച കേസിലുണ്ട്. സംഭവത്തിൽ ഫുഡ് സേഫ്റ്റി അധികൃതർ വരാൻ വൈകിയത് കോർപറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ആവശ്യപ്പെട്ടിരുന്നെങ്കിൽ അടച്ചിട്ട കട തുറക്കാമായിരുന്നെന്ന് കോർപറേഷൻ ഹെൽത്ത് സ്ഥിരം സമിതി അധികൃതർ പറയുന്നു.
പരിശോധനയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം വ്യാഴാഴ്ചയെടുത്ത മൊഴികളിലാണ് വൈരുധ്യമുള്ളത്. ആദ്യം ബഹളം വെച്ചയാൾ ആളെ കൂട്ടുകയും എണ്ണ പുറത്ത് കളയാൻ പറയുകയും ചെയ്തു എന്നും തൊഴിലാളികളുടെ മൊഴിയിലുണ്ട്. ഇയാളെ വിഡിയോയിൽനിന്ന് തിരിച്ചറിയുകയും ചെയ്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായ ദൃശ്യങ്ങളും ലഭിച്ചിട്ടില്ല.
ഏതാനും ദിവസം മുമ്പാണ് പലഹാരമുണ്ടാക്കാൻ കണ്ണൂർസ്വദേശി കട വാടകക്ക് എടുത്തത്. ഇവിടെ തയാറാക്കുന്ന ചെറുകടികൾ റെയിൽവേ സ്റ്റേഷനിലാണ് വിൽക്കുന്നത് എന്ന ആരോപണം ഉടമ നിഷേധിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് മറ്റൊരു കടയിൽ തയാറാക്കുന്നതാണ് എത്തിക്കുന്നതെന്നും ഇവിടെ തയാറാക്കിയിരുന്നത് മറ്റ് ചെറിയ കടകൾക്ക് വിൽപന നടത്തുകയായിരുന്നുവെന്നുമാണ് ഉടമയുടെ വിശദീകരണം.
വൈരുധ്യം നിറയുന്ന സംഭവത്തിൽ എണ്ണയിൽ പ്ലാസ്റ്റിക് ചേർത്ത കുറ്റംചാർത്തി കേസ് എടുത്തിട്ടില്ല. പ്ലാസ്റ്റിക് ഉരുക്കാനാകില്ലെന്ന് ഫുഡ് സേഫ്റ്റി അധികൃതർ കട്ടിയുള്ള പ്ലാസ്റ്റിക് കവർ തിളക്കുന്ന എണ്ണയിൽ പൂർണമായും ഉരുക്കിച്ചേർക്കാനാകില്ലെന്ന് ഫുഡ് സേഫ്റ്റി വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പ്ലാസ്റ്റിക്കിന് ഉയർന്ന ബോയിലിങ് പോയന്റ് ആയതിനാൽ ഒരുപാട് ചൂട് ആവശ്യമാണ്. തീപിടിക്കാനും സാധ്യതയുണ്ട്. പ്ലാസ്റ്റിക് ഉരുകി കലർന്നാൽ ഭക്ഷണത്തിൽ രൂക്ഷഗന്ധം ഉണ്ടാകും. പലഹാരത്തിൽ പ്ലാസ്റ്റിക് ഒട്ടിപ്പിടിക്കുകയല്ലാതെ മൊരിപ്പ് കൂടില്ലെന്നും അധികൃതർ പറയുന്നു. മുമ്പ് ബിരിയാണിയിൽ ചേർക്കുന്ന ഡാൽഡ ഉരുക്കാൻ കവറോടെ പാത്രത്തിനുള്ളിൽ വെക്കുകയും പിന്നീട് എടുത്ത് മുറിച്ച് ഡാൽഡ ചേർക്കുകയും ചെയ്തിരുന്നു. പാൽ കവറോടെ സമോവറിന് മുകളിൽ വെക്കുന്നതും പതിവായിരുന്നു. എന്നാൽ, ഇപ്പോൾ അത്തരത്തിൽ ആരും ചെയ്ത് കാണാറില്ലെന്നും പറയുന്നു.
വേണം വിശദ അന്വേഷണം
ആരോപണം സ്ഥാപിക്കുന്ന തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോപണം ഗുരുതരമാണെന്നും വിശദ അന്വേഷണം നടത്തണമെന്നുമാണ് ഫുഡ് സേഫ്റ്റി അധികൃതർ വ്യക്തമാക്കുന്നത്. ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കലക്ടർക്ക് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ റിപ്പോർട്ട് നൽകും. പൊലീസ് അന്വേഷണത്തിന് ശിപാർശ ചെയ്യാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.