ട്രെയിനിൽനിന്ന് വീണ് മരണം; ഒരാൾ അറസ്റ്റിൽ
text_fieldsപുനലൂർ: യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണ് തൂത്തുക്കുടി സ്വദേശി മരിച്ച സംഭവത്തിൽ ഒരാളെ പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി സ്വദേശി കുട്ടിരാജ (33) യാണ് പിടിയിലായത്. തൂത്തുക്കുടി ഷണ്മുഖപുരം സ്വദേശി സെന്തിൽകുമാർ (46) ആണ് കഴിഞ്ഞദിവസം രാത്രി 12.30ന് കൊട്ടാരക്കര മൈലം ഇടയം ഭാഗത്ത് പാലക്കാട്-തൂത്തുക്കുടി-പാലരുവി എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചത്.
പൊലീസ് പറയുന്നത്: സെന്തിൽ കുമാർ ചെങ്ങന്നൂരിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. നാട്ടിലേക്ക് പോകാനായി ചെങ്ങന്നൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ഇവിടെനിന്ന് തിരുനെൽവേലിക്ക് പോകാനായി ഏഴംഗസംഘം കയറിയിരുന്നു.
സെന്തിൽകുമാർ മൊബൈലിൽ ഉറക്കെ പാട്ട് വെച്ച് കേൾക്കുന്നതുസംബന്ധിച്ച് മദ്യലഹരിയിലായിരുന്ന ഈ സംഘവുമായി തർക്കമുണ്ടായി. കൊട്ടാരക്കര സ്റ്റേഷൻ കഴിഞ്ഞപ്പോൾ തർക്കം രൂക്ഷമായി. തുടർന്ന് കുട്ടിരാജ സീറ്റിൽനിന്ന് എഴുന്നേറ്റ് സെന്തിൽകുമാറിനെ അടിക്കാൻ ശ്രമിച്ചു. ഈസമയം തുറന്നുകിടന്ന ഡോറിന് സമീപം നിന്നിരുന്ന സെന്തിൽകുമാർ പുറത്തേക്ക് വീണ് മരിക്കുകയായിരുന്നു. സംഘത്തിലെ എല്ലാവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു.
എസ്.എച്ച്.ഒ ജി. ശ്രീകുമാർ, സി.പി.ഒമാരായ അനിക്കുട്ടൻ, വിനോദ്, പ്രേംകുമാർ, സവിൻ, മനു, അരുൺ മോഹൻ, ദീപ്തി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം തിരുവനന്തപുരം റെയിൽവേ പൊലീസ് സി.ഐയുടെ നേതൃത്വത്തിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.