ബസിൽ ലഹരി കടത്ത്; 12.5 കിലോ കഞ്ചാവുമായി ആര്യങ്കാവിൽ രണ്ടുപേർ പിടിയിൽ
text_fieldsആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് സംഘം കഞ്ചാവുമായി പിടികൂടിയ പ്രതികൾ
പുനലൂർ: തമിഴ്നാട്ടിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് കടത്തിയ 12.607 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ ആര്യങ്കാവിൽ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിപ്പുഴ കളപ്പെട്ടിവീട്ടിൽ എൻ. മുബഷീർ (25), പൊറ്റശ്ശേരി മുണ്ടക്കുന്ന് മുള്ളത്തുവീട്ടിൽ പി. പ്രാജോദ് (20) എന്നിവരെയാണ് എക്സൈസ് ചെക്പോസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തോടെ തെങ്കാശിയിൽനിന്ന് കായംകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ആര്യങ്കാവിൽ എത്തിയപ്പോൾ ചെക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.
ഒമ്പത് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. ബസിൽ തമിഴ്നാട്ടിൽ എത്തി അവിടെനിന്ന് വെള്ളിയാഴ്ച രാവിലെ ആര്യങ്കാവ് വഴിയുള്ള കായംകുളം ബസിൽ പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്നു. കഞ്ചാവും പ്രതികളെയും കൂടുതൽ അന്വേഷണത്തിന് അഞ്ചൽ റേഞ്ചിന് കൈമാറി. എക്സൈസ് സി.ഐ ഉദയകുമാർ, ഇൻസ്പെക്ടർ പി. ദിലീപ്, അസി. ഇൻസ്പെക്ടർ ആർ. മിനേഷ്യസ്, പ്രിവന്റിവ് ഓഫസർ ടി. അജികുമാർ സി.ഇ.ഒ മാരായ ജി. ഗോപകുമാർ, ആർ. നിധിൻ എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.