പുനലൂർ റെയിൽവേ സബ് സ്റ്റേഷനിൽ വൈദ്യുതി എത്തുന്നു
text_fieldsപുനലൂർ റെയിൽവേ സ്റ്റേഷൻ യാർഡിനു സമീപത്തെ 110 കെ.വി ട്രാക്ഷൻ സബ് സ്റ്റേഷൻ
പുനലൂർ: വർഷങ്ങളുടെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം പുനലൂർ റെയിൽവേ സ്റ്റേഷൻ 110 കെ.വി ട്രാക്ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തുന്നു. ബുധനാഴ്ച ട്രയൽ റൺ നടക്കും.അടുത്തുതന്നെ സബ് സ്റ്റേഷൻ ഉദ്ഘാടനം നടക്കുന്നതോടെ കൊല്ലം- ചെങ്കോട്ട ബ്രോഡ്ഗേജ് ലൈൻ പൂർണമായും വൈദ്യുതി സംവിധാനത്തിലാകും. പുനലൂർ സ്റ്റേഷനിൽ റെയിൽവേ സബ് സ്റ്റേഷൻ നിർമിച്ചശേഷം വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ ബിക്ക് 28 കോടി രൂപ ഏറെക്കാലം മുമ്പ് റെയിൽവേ കൈമാറിയിരുന്നു.
എന്നാൽ, 23 മാസം കഴിഞ്ഞാണ് വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വൈദ്യുതി ലൈൻ സ്ഥാപിച്ചത് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സുരക്ഷാ പരിശോധനയും അടുത്തിടെ നടത്തി. പുനലൂർ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷനിൽ നിന്ന് രണ്ടേകാൽ കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷൻ യാർഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന റെയിൽവേ സബ്സ്റ്റേഷനിലേക്കാണ് വൈദ്യുതി എത്തുന്നത്.
കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷനിൽ നിന്ന് ഫൈബർ വഴി ഭൂമിക്കടിയിലൂടെ (യു.ജി) വൈദ്യുതി കേബിളും ഒപ്റ്റിക്കൽ കേബിളും (ഒ.എ.സി) സ്ഥാപിക്കുന്ന പ്രവൃത്തിയും സബ്സ്റ്റേഷനുകളിൽ പാനലുകളും കണ്ടക്ടറുകളും സ്ഥാപിക്കുന്ന ജോലികളും ഇതിനകം പൂർത്തിയായി. ഇതിനായി പട്ടണത്തിലെ തിരക്കേറിയ പലഭാഗത്തും വലിയ കുഴികൾ എടുത്താണ് കേബിളുകൾ സ്ഥാപിച്ചത്. 2023 ആഗസ്റ്റിൽ റെയിൽവേ സബ് സ്റ്റേഷൻ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്തിരുന്നു. റെയിൽവേ തങ്ങളുടെ പണി പൂർത്തീകരിച്ചിട്ടും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ല. അവസാനം മന്ത്രിതലത്തിൽ ചർച്ചനടത്തിയാണ് കെ.എസ്.ഇ.ബി നടപടി വേഗത്തിലാക്കിയത്.
മലയോര ഹൈവേയും ദേശീയപാതയും നഗരസഭയിലെ ഒട്ടേറെ ഇടറോഡുകളും കടന്നാണ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രവൃത്തി തുടങ്ങിയത്. പുനലൂർ ട്രാക്ഷൻ സബ് സ്റ്റേഷനിൽ വൈദ്യുതി എത്താൻ വൈകിയതുകാരണം പുനലൂർ- ചെങ്കോട്ട പാത വൈദ്യുതി ലൈൻ കമീഷൻ ചെയ്യുന്നതിനും തുടർന്ന് ട്രെയിനുകൾ ഓടിക്കുന്നതിനും പെരിനാട്, ചെങ്കോട്ട ട്രാക്ഷൻ സബ് സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. പുനലൂർ ട്രാക്ഷൻ സബ്സ്റ്റേഷൻ ഉദ്ഘാടനം ആകുന്നതോടെ കൊല്ല- ചെങ്കോട്ട പാതയിലെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.