ആനച്ചാടിയിലെ പാറപൊട്ടിക്കൽ അനധികൃതം
text_fieldsആനച്ചാടിയിൽ റോഡ് നിർമാണത്തിന് പാറക്കെട്ടുകൾ പൊട്ടിച്ചപ്പോൾ
പുനലൂർ: അമ്പനാട് എസ്റ്റേറ്റിലെ ആനച്ചാടിയിൽ തേയില തോട്ടത്തിലൂടെ റോഡ് നിർമിച്ചതും ഇതിനായി പാറ പൊട്ടിച്ചതും അനധികൃതമാണെന്ന് പുനലൂർ തഹസീൽദാർ അജിത് ജോയ്. ഇവിടത്തെ റോഡ് നിർമാണവും പാറപൊട്ടിക്കലും വിവാദമായതോടെ തഹസീൽദാർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.
കുന്നും പാറക്കെട്ടുകളും തകർത്ത് തേയില തോട്ടത്തിലൂടെയുള്ള റോഡ് നിർമാണം സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ നൽകിയിരുന്നു. അനുമതി കൂടാതെ ഉടമസ്ഥാവകാശ തർക്കഭൂമിയിൽ പാറ പൊട്ടിച്ചത് സംബന്ധിച്ച് പിഴ ഈടാക്കാനായി ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. കൂടാതെ പുതിയ വഴി നിർമിച്ചിടത്ത് പരിസരവാസികളായ ചിലർക്ക് വഴി നിഷേധിച്ച് കൊണ്ട് സ്ഥാപിച്ച ബോർഡ് അനധികൃതമാണ്.
വളരെ വർഷങ്ങളായി ഇവിടുള്ളവർ നടന്നിരുന്ന വഴിയാണ് തടസ്സപ്പെടുത്തിയത്. ഇത് സംബന്ധിച്ച് പ്രദേശവാസികൾ തഹസിൽദാർക്ക് പരാതി നൽകിയിട്ടുണ്ട്. സർക്കാറുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന തോട്ടഭൂമിയിലൂടെയാണ് സ്വകാര്യ വ്യക്തി മറ്റൊരു ഭൂമിയിൽ റിസോർട്ട് നിർമാണത്തിന് മുന്നോടിയായി വഴി നിർമിച്ചത്. തേയില തോട്ടത്തിനുള്ളിൽ ഉണ്ടായിരുന്ന കുന്നുകൾ ഇടിച്ചും പാറപൊട്ടിച്ചും അഞ്ച് മുതൽ ആറുമീറ്റർ വരെ വീതിയിലാണ് വഴി നിർമിച്ചത്. വഴിയിലുണ്ടായിരുന്ന പാറക്കെട്ടുകൾ പൊട്ടിച്ചു നിരവധി ലോഡ് പാറ ഉപയോഗിച്ച് റോഡിന്റെ വശം കെട്ടി ബലപ്പെടുത്തുകയും ചെയ്തു.
എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച് സർക്കാറുമായി തർക്കം നിലനിൽക്കുന്നതിനാൽ റോഡ് നിർമാണം, കുന്നിടിക്കൽ, തേയില ചെടികൾ നശിപ്പിച്ചത് എന്നിവ സംബന്ധിച്ച് മറ്റു നടപടികൾ സ്വീകരിക്കാൻ നിയമ തടസ്സമുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. എന്നാൽ, ഈഭൂമി റോഡ് നിർമാണത്തിന് മറ്റൊരു വ്യക്തിക്ക് വിട്ടുകൊടുത്തത് സംബന്ധിച്ച് നിലവിലെ തോട്ടത്തിന്റെ ഉടമയുമായി കരാർ ഉണ്ടാക്കിയതായും അധികൃതർ പറഞ്ഞു.
പുതുതായി വെട്ടിയ വഴി, കുന്നുകളിടിച്ചതും പാറകൾ ഉപയോഗിച്ച് വഴിയുടെ സംരക്ഷണഭിത്തി നിർമിച്ചത് വിശദമായി തഹസീദാരും സംഘവും പരിശോധിച്ചു. ഇത് സംബന്ധിച്ച് തുടർനടപടിക്കായി പുനലൂർ ആർ.ടി.ഒക്കും കലക്ടർക്കും റിപ്പോർട്ട് നൽകും. ആര്യങ്കാവ് വില്ലേജ് ഓഫിസർ നൽകിയിരുന്ന സ്റ്റോപ്പ് മെമ്മോയുടെ അടിസ്ഥാനത്തിൽ ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യന്ത്രസാമഗ്രികൾ ഇവിടെ നിന്നും മാറ്റിക്കൊണ്ടുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.