ആര്യങ്കാവിൽ നായ്പ്പുലിയും ഇറങ്ങി; ജനങ്ങൾ ആശങ്കയിൽ
text_fieldsആര്യങ്കാവിൽ നായ്പ്പുലി ഇറങ്ങിയ ഭാഗത്ത് വനപാലകർ പരിശോധന നടത്തുന്നു
പുനലൂർ: പുള്ളിപ്പുലിക്കും വള്ളിപ്പുലിക്കും പിന്നാലെ ആര്യങ്കാവിൽ നായ്പ്പുലിയും ഇറങ്ങി. കഴിഞ്ഞ രാത്രിയിൽ ഡിപ്പോക്കും ഹൈസ്കൂളിന് സമീപവും കുടുംബസമേതമുള്ള നായ്പ്പുലിക്കൂട്ടത്തെയാണ് നാട്ടുകാർ കണ്ടത്.ഒരു തള്ളപ്പുലിയും രണ്ടുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം പല വീടുകളുടെയും മുന്നിലെത്തി. എന്നാൽ നായ്പ്പുലി മനുഷ്യരെയോ വളർത്തുമൃഗങ്ങളെയോ ആക്രമിക്കാതിരുന്നത് ആശ്വാസമാണ്. റേഞ്ച് ഓഫിസിന് പിറകിലെ കാട്ടിൽനിന്ന് ജനവാസമേഖലയിലെത്തിയ പുലിയും കുഞ്ഞുങ്ങളും ആളുകളെ കണ്ടതോടെ മതിലും വേലിയും ചാടി വീണ്ടും കാട്ടിലേക്ക് കയറി.
നാട്ടുകാർ അറിയിച്ചതനുസരിച്ച് റേഞ്ച് ഓഫിസർ കെ. സനുവിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പുലിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കടുവയും പുലിയും ആനകളും നിരന്തരം ഭീഷണി ഉയർത്തുന്ന മേഖലയിൽ നായ്പ്പുലിയുടെ സാന്നിധ്യം ജനങ്ങളിൽ ആശങ്കയുയർത്തി. പൂച്ചവർഗത്തിൽപ്പെട്ട ഇതിന് നായുടെ വലിപ്പം വരും. മനുഷ്യരെ ആക്രമിക്കില്ലെങ്കിലും വളർത്തുമൃഗങ്ങളെ പിടിച്ചുതിന്നും.മനുഷ്യരെ ഉപദ്രവിക്കാത്തതിനാൽ ഇവയുടെ സാന്നിധ്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനം അധികൃതർ പറയുന്നത്. എന്നാലും ഇവയെ നിരീക്ഷിക്കുന്നതിനും മറ്റ് നടപടിക്കുമായി കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.