സുരക്ഷാവേലിയില്ല; പുനലൂർ പട്ടണത്തിലെ പാലങ്ങൾ ആത്മഹത്യ മുനമ്പാകുന്നു
text_fieldsസുരക്ഷാവേലിയില്ലാത്ത പുനലൂർ പട്ടണത്തിലെ പാലങ്ങൾ
പുനലൂർ: തിരക്കേറിയ പുനലൂർ പട്ടണ മധ്യത്തിലുള്ള പാലങ്ങളിൽ സുരക്ഷാവേലിയില്ലാത്തത് ഭീഷണിയാകുന്നു. നിരവധിയാളുകൾ ജീവനൊടുക്കാൻ തിരഞ്ഞെടുക്കുന്നതും ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനും ഇത് കാരണമാകുന്നു. പട്ടണമധ്യത്തിലൂടെ നിറഞ്ഞൊഴുകുന്ന കല്ലടയാറിന് കുറുകെ ദേശീയപാതയിൽ വലിയപാലവും സമാന്തരമായി ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലവും ഉണ്ട്.
ഈ രണ്ടു പാലങ്ങളിൽ നിന്നും ഇതിനകം നിരവധിയാളുകൾ ആറ്റിലേക്ക് ചാടി മരിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ ദിവസം ഒരു മധ്യവയസ്കൻ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആളുകൾ കണ്ടുകൊണ്ടുനിൽക്കേ വലിയ പാലത്തിൽ നിന്നാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്. ഇരു പാലവും ആർക്കും ആറ്റിലേക്ക് ചാടാൻ കഴിയുന്ന നിലയിലാണ്. വലിയ പാലത്തിന്റെ നടപ്പാതയിലൂടെ ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ ഇതിന്റെ മുകളിലൂടെ കയറിയാണ് പലരും അമ്പത് അടിയോളം താഴ്ചയിലുള്ള ആറ്റിലേക്ക് ചാടുന്നത്.
പാലത്തിന്റെ കൈവരിക്കും വലിയ പൊക്കമില്ലാത്തതിനാൽ ആയാസമില്ലാതെ ആറ്റിലേക്ക് ചാടാൻ കഴിയും. പാലങ്ങളുടെ അടിയിലും ഇരുവശത്തും വലിയ കയവും വെള്ളവും കൂടുതലാണ്. കൂടാതെ, വലിയ അടിയൊഴുക്കും ഉള്ളതിനാൽ ഇവിടെ വെള്ളത്തിൽ വീഴുന്നവർ രക്ഷപ്പെടുക അസാധ്യമാണ്. കൂടാതെ മാലിന്യം വാഹനത്തിൽ എത്തിച്ച് പാലത്തോട് ചേർത്തുനിർത്തി ആറ്റിൽ തള്ളുന്നതും രാത്രിസമയത്ത് പതിവാണ്. ഇത് കണ്ടുപിടിക്കാൻ പാലത്തിലോ സമീപത്തോ നിരിക്ഷണ കാമറ ഇല്ല.
പാലത്തിന്റെ കിഴക്ക് ഭാഗത്ത് ടി.ബി ജങ്ഷനിൽ പൊലീസ് നീരീക്ഷണ കാമറ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. അഥവ ഇനി കാമറ പ്രവർത്തിച്ചാലും പാലത്തിന്റെ ഇങ്ങേ അറ്റംവരെ ദൃശ്യങ്ങൾ ലഭിക്കാനും പ്രയാസമാണ്. പാലങ്ങളുടെ കൈവരിക്ക് മുകളിൽ സുരക്ഷാവേലി നിർമിച്ചാൽ ആളുകൾ ഇവിടെ ആറ്റിൽ ചാടുന്നതും മാലിന്യം തള്ളുന്നതും തടയാനാകും. ദേശീയപാതയിൽ കൊട്ടാരക്കര റെയിൽവേ മേൽപ്പാലത്തിലടക്കം ഇത്തരത്തിൽ സുരക്ഷാവേലി സ്ഥാപിച്ചുണ്ട്.
എന്നാൽ, പുനലൂരിൽ ദേശീയപാത അധികൃതരോ നഗരസഭയോ ഇതിന് തയാറാകുന്നില്ല. സുരക്ഷാവേലി നിർമിക്കേണ്ടത് നഗരസഭ- എൻ.എച്ച് അധികൃതർ കല്ലടയാറ്റിന് കുറുകെയുള്ള പുനലൂർ വലിയ പാലത്തിൽ കൈവരിക്ക് മുകളിൽ സുരക്ഷവേലി നിർമിക്കേണ്ടത് നഗരസഭയാണെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.
എൻ.എച്ച് സുരക്ഷാവേലി നിർമിക്കാൻ ഫണ്ട് അനുവദിക്കാറില്ല. അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന് ഫണ്ട് കണ്ടെത്തി സുരക്ഷാവേലി നിർമിക്കുന്നത്. പുനലൂരിലെ ഈ സ്ഥിതി എം.എൽ.എയുടെ സാന്നിധ്യത്തിൽ മുമ്പ് നടത്തിയിട്ടുള്ള ബന്ധപ്പെട്ടവരുടെ അവലോകന യോഗത്തിൽ അറിയിച്ചിരുന്നതായാണ് ദേശീയപാത പുനലൂർ അസി.എക്സികൂട്ടീവ് എൻജിനിയറുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.