ശബരിമല തീർഥാടനകാലം അരികെ; മുക്കടവിലെ കുളിക്കടവുകൾ കാടുമൂടി തന്നെ
text_fieldsപുനലൂർ: ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുക്കടവ് പാലത്തിന് സമീപത്തെ കുളിക്കടവുകൾ അടിസ്ഥാന സൗകര്യമില്ലാതെ കാടുമൂടിയ നിലയിൽ. കിഴക്കൻ മേഖലയിലൂടെ തീർഥാടനത്തിന് വന്നുപോകുന്ന ഇതര സംസ്ഥാന അയ്യപ്പന്മാർ കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഇറങ്ങുന്ന പ്രധാന സ്ഥലമാണ് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മുക്കടവ് ആറ്റുതീരം. ആറിന്‍റെ രണ്ടു ഭാഗത്തായി ജില്ല പഞ്ചായത്തും പിറവന്തൂർ പഞ്ചായത്തും നിർമിച്ച രണ്ടു കുളിക്കടവുകളാണ് നിലവിലുള്ളത്.
രണ്ടിടത്തും ആറ്റിലേക്ക് ആർക്കും ഇറങ്ങിച്ചെല്ലാൻ കഴിയാത്ത നിലയിൽ പടികളിലടക്കം കാടുകയറി വൃത്തിഹീനായി കിടക്കുകയാണ്. രാജവെമ്പാല അടക്കം വിഷപ്പാമ്പുകളുടെ കേന്ദ്രമാണ് ഈ പ്രദേശം. ഒരു ഭാഗത്ത് കുളിക്കടവിൽ നിന്നും ആറ്റിലേക്ക് ഇറങ്ങുന്ന ഭാഗത്തുണ്ടായിരുന്ന സുരക്ഷാവേലികളും തകർന്നുകിടക്കുന്നത് കാരണം ഇവിടെ ആൾക്കാർക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. ഈ ഭാഗത്ത് വലിയ ആഴമുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്.
മനുഷ്യവിസർജ്യം ഉൾപ്പടെ നിറഞ്ഞ ഈ രണ്ടു കടവുകളിലും ദുർഗന്ധവും അസഹീനമാണ്. രാത്രിയിൽ മതിയായ വെളിച്ച സംവിധാനം ഇല്ലാത്തതിനാൽ മുക്കടവിലെ കുളിക്കടവ് അയ്യപ്പന്മാർക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. സീസണിൽ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് ഇതുവഴി കടന്നുപോകുന്നത്. സീസണ് മുന്നോടിയായി കഴിഞ്ഞയാഴ്ച പാതയോരത്തെ കുറെ കാട് നീക്കിയത് വീണ്ടും വളർന്നുതുടങ്ങി.
കൂടാതെ, സീസൺ മുന്നിൽക്കണ്ട് പാതയോരത്ത് താൽക്കാലിക കടകൾ അധികരിക്കുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്ത നിലയിലായി. പാലത്തിന്‍റെ ഒരുഭാഗം പുനലൂർ നഗരസഭയുടെയും മറുഭാഗം പിറവന്തൂർ പഞ്ചായത്തിന്‍റെയും അതിർത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

