ആവണിപ്പാറയിൽ കാട്ടാന ഒമ്പത് വാഹനങ്ങൾ തകർത്തു
text_fieldsആവണിപ്പാറ ആദിവാസി ഉന്നതി നിവാസികളുടെ വാഹനങ്ങൾ ഒറ്റയാൻ തകർത്ത നിലയിൽ
പുനലൂർ: വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആവണിപ്പാറ ആദിവാസി ഉന്നതിയിലുള്ളവരുടെ ഒമ്പത് വാഹനങ്ങൾ ഒറ്റയാൻ നശിപ്പിച്ചു. ഇരുചക്രവാഹനങ്ങളും ഒരു കാറുമാണ് നശിപ്പിച്ചത്. ഉന്നതിയിലേക്ക് വാഹനം കൊണ്ടുപോകാൻ അച്ചൻകോവിൽ ആറിന് കുറുകെ പാലം ഇല്ലാത്തതിനാൽ അലിമുക്ക് റോഡ് വശത്ത് കാട്ടിലാണ് ഇവിടെയുള്ളവർ വാഹനങ്ങൾ സൂക്ഷിക്കുന്നത്.
വാഹനം ഇവിടെ സൂക്ഷിച്ചിട്ട് വള്ളത്തിലാണ് ആളുകൾ ഉന്നതിയിലേക്ക് വന്നുപോകുന്നത്. ആറ്റിൻകരയിലുള്ള ട്രാൻസ്ഫോർമറിന് സമീപം പതിവായി വാഹനങ്ങൾ സൂക്ഷിക്കുന്നിടത്താണ് കഴിഞ്ഞ രാത്രി ഒറ്റയാൻ എത്തി വാഹനങ്ങളെല്ലാം തള്ളിയിട്ടും തുമ്പിക്കൈ കൊണ്ട് അടിച്ചും നശിപ്പിച്ചത്. എല്ലാ വാഹനങ്ങൾക്കും കാര്യമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വഴിവിളക്ക് ഇപ്പോൾ കത്താത്തതിനാൽ രാത്രി വെളിച്ചമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഒറ്റയാൻ പകൽ സമയത്തും ഇറങ്ങിയിരുന്നു. വാഹനങ്ങൾ നശിപ്പിച്ചതറിഞ്ഞ് വാനപാലകർ എത്തി കേസ് എടുത്തു. ആറ്റിനക്കരെ 28 കുടുംബങ്ങളിലായി നൂറോളം ആദിവാസികൾ താമസിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുല പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് ആവണിപ്പാറ. ഇവിടുള്ളവരുടെ യാത്രാസൗകര്യത്തിന് ആറിന് കുറുകെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും അധികൃതർ തയാറായിട്ടില്ല.
ഇതുകാരണം ആറ്റിൽ വെള്ളം ഉയരുമ്പോൾ ഇവർ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുകയാണ് പതിവ്. കുട്ടികളുടെ പഠനം ഉൾപ്പെടെ മുടങ്ങുകയും ചെയ്യാറുണ്ട്. വനം വകുപ്പ് നൽകിയ വള്ളമാണ് ഇവർക്ക് ആറ് മുറിച്ചുകടന്ന് യാത്രചെയ്യാനുള്ള ഏക മാർഗം. ആറ്റിൽ വെള്ളം കൂടിയാൽ ഇവിടെ തോണി തുഴഞ്ഞ് കരയെത്താനും പ്രയാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

