വെളിച്ചെണ്ണ സംഭരണ കേന്ദ്രത്തിൽ റെയ്ഡ്; നിലവാരമില്ലാത്ത 5800 ലിറ്റർ വെളിച്ചെണ്ണ പിടികൂടി
text_fieldsകൊട്ടിയം: വെളിച്ചെണ്ണ പാക്ക്ചെയ്ത് വിൽപന നടത്തുന്ന കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഗുണനിലവാരം കുറഞ്ഞ 5800 ലിറ്റർ വെളിച്ചെണ്ണയും കവറിൽ നിറക്കാതെ സൂക്ഷിച്ചിരുന്ന 600 ലിറ്റർ വെളിച്ചെണ്ണയും പിടികൂടി. പെട്ടികളിലാക്കി മൂന്നു വാഹനങ്ങളിലായി സൂക്ഷിച്ചിരുന്ന നിലവാരം കുറഞ്ഞ വെളിച്ചെണ്ണയാണ് പിടികൂടിയത്.
ഉമയനല്ലൂർ പാർക്ക് മുക്കിൽ നേതാജി ഗ്രന്ഥശാലക്ക് എതിർവശം പ്രവർത്തിക്കുന്ന എസ്.എ.എസ്. ട്രേഡേഴ്സിൽ നിന്നാണ് വെളിച്ചെണ്ണ പിടികൂടിയത്. കേരസൂര്യ, കേര ഹരിത എന്നീ ലേബലുകളുള്ള പാക്കറ്റ് വെളിച്ചെണ്ണയാണ് പിടികൂടിയത്. പിടികൂടിയ വെളിച്ചെണ്ണയുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ നിലവാരം കുറഞ്ഞ വെളിച്ചെണ്ണ മാർക്കറ്റിലെത്തുമെന്നതിനാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഓപറേഷൻ നാളികേരയുടെ ഭാഗമായി വെളിച്ചെണ്ണ വിൽക്കുന്ന കടകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ചില ബ്രാൻഡുകളുടെ ലൈസൻസ് നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമയനല്ലൂരിൽ നിന്ന് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ പിടികൂടിയത്.
ജില്ല ഭക്ഷ്യ സുരക്ഷ അസി. കമീഷണർ വിനോദ് കുമാർ, ഭക്ഷ്യസുരക്ഷ വകുപ്പ് നോഡൽ ഓഫിസർ അനീഷ,ഇരവിപുരം ഓഫിസർ ധന്യാ ശ്രീവത്സം, കൊല്ലം ഓഫിസർ ഷൈനി എന്നിവരടങ്ങിയ സംഘമാണ് വെളിച്ചെണ്ണ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.