‘അച്ഛൻ പോയ വേദന’ -ഓർമകളിൽ വിങ്ങി രമാദേവി
text_fieldsവി.എസ്. അച്യുതാനന്ദൻ രമാദേവിയുടെ വസതിയിലെത്തിയപ്പോൾ
പത്തനാപുരം: ഭർത്താവ് മരിച്ച വേദനയിൽ നിന്നും കരകയറി വരുമ്പോഴാണ് മൂന്ന് വർഷങ്ങൾക്കിപ്പുറം മകന്റെ വേർപാടും ഒരിടിതീ പോലെ. ഇപ്പോൾ അച്ഛന്റെ സ്ഥാനത്ത് നിന്ന് കരംപിടിച്ച വി.എസും. രമാദേവിയുടെ കണ്ണുകൾ നിറഞ്ഞു. പട്ടാഴി വടക്കേക്കര മണയറ ശ്രീഹരിയിൽ രമാദേവി ഇവിടുത്തെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്.
2012 ലായിരുന്നു ഭർത്താവ് രാധാകൃഷ്ണന്റെ വിയോഗം. 2015 ആഗസ്റ്റിൽ 11ന് പതിനാറാം വയസ്സിൽ മകന്റെ വേർപാടും. തത് സൈനിക് ക്യാമ്പിന്റെ ഭാഗമായുള്ള ഫയറിങ് പരിശീലനത്തിനിടെ കോഴിക്കോട് വെസ്റ്റ് മിലിട്ടറി ക്യാമ്പിൽ വച്ചാണ് ധനുഷ് കൃഷ്ണ എന്ന 16കാരൻ നെഞ്ചിൽ വെടിയേറ്റ് മരിച്ചത്. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 2015 ആഗസ്റ്റ് 18, അന്നൊരു സായംസന്ധ്യയിൽ ദുഖം തളംകെട്ടിനിന്ന വീട്ടിലേക്ക് സമാശ്വാസവുമായി ‘അച്ഛനെത്തി’, അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അടുത്തടുത്ത വർഷങ്ങളിലായി ഭർത്താവും, മകനും നഷ്ടപ്പെട്ട വേദനയിൽ പകച്ചു നിൽക്കുമ്പോഴാണ് ആശ്വാസവുമായി വി.എസ്സിന്റെ വരവ്.
‘ഒരു മോളെ പോലെയാണ് എന്നെ ചേർത്തു നിർത്തിയത്. തളർന്നു പോകരുതെന്ന് പറഞ്ഞു. ചെലവഴിച്ച കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും സ്നേഹത്തോടെ ചേർത്തു നിർത്തുമെന്ന് പ്രതീക്ഷിച്ചില്ല. മകൾ അപർണ്ണയോട് ഒരു കൊച്ചു മകളോട് കാട്ടുന്ന വാത്സല്യം ആയിരുന്നു.
ഒരു നിമിഷം എന്റെ മരിച്ചുപോയ അച്ഛനെ കുറിച്ച് ആലോചിച്ചു പോയി. എനിക്ക് അദ്ദേഹത്തെ അച്ഛനെന്നു വിളിക്കാനാണിഷ്ടവും. വി.എസ്സിന്റെ വിയോഗത്തിലൂടെ മകന്റെ ഓർമകളാണ് വന്നുനിറയുന്നത്. വിധിക്കു മുന്നിൽ പകച്ചു നിന്നപ്പോൾ നിഴലായി നിന്നിരുന്നു വി.എസ്.’- രമാദേവി പറയുന്നു.
ഒടുവിൽ അദേഹവും പോകുമ്പോൾ വേദനകളുടെ കൂമ്പാരമായ ഹൃദയത്തിൽ ഓർമ്മകൾ താലോലിച്ചെടുത്ത് നിറകണ്ണുകളോടെ രമാദേവി കാത്തുനിന്നു, അവസാനമായി യാത്രപറയാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.