യുവാക്കൾക്ക് ക്രൂരമർദ്ദനം; ഒളിവിലായിരുന്ന പ്രതി നാഗാലാൻഡിൽ പിടിയിൽ
text_fieldsധനുഷ്
ശാസ്താംകോട്ട: യുവാക്കളെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ മൈനാഗപ്പള്ളി വേങ്ങ റെയിൽവേ സ്റ്റേഷന് സമീപം ഗായത്രി ഭവനത്തിൽ ടാറ്റു അപ്പു എന്ന് വിളിക്കുന്ന ധനുഷ് ആണ് പിടിയിലായത് .
കഴിഞ്ഞ മെയ് 28ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചക്കുവള്ളിയിലെ പങ്കാളിസ് എന്ന ക്ലബിന് സമീപംവെച്ച് ചക്കുവള്ളി സ്വദേശികളായ യുവാക്കളെ ആണ് ആക്രമിച്ചത്. കാറിലും മറ്റു വാഹനങ്ങളുമായി എത്തിയ പ്രതികൾ ഇവരെ കാറിടിച്ച് വീഴ്ത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറിയ യുവാക്കളെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചവർ ചേർന്ന് മുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം കമ്പി വടികൊണ്ട് അടിച്ചു. ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്തു.
ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്തിയ ശേഷം വീണ്ടും മാരകമായി ഉപദ്രവിച്ചും ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു.
പ്രതികൾ പെട്രോൾപമ്പിന് സമീപത്ത് വെച്ച് മറ്റൊരു യുവാവിനെയും ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഭൂരിഭാഗം പേരെയും പൊലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തെ തുടർന്ന് സ്ഥലംവിട്ട ധനുഷിനെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതി നാഗാലാൻഡിലെ ദീമാപൂരിൽ കഴിയുന്നതായി സൂചനകൾ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിലെ എസ്. ഐ സതീശൻ, സി.പി.ഒ അരുൺ ബാബു, മുഹമ്മദ് അനസ് എന്നിവർ ദിമാപൂരിലെത്തി നടത്തിയ തിരച്ചിലിൽ ബാങ്ക് കോളനി എന്നറിയപ്പെടുന്ന പ്രദേശത്ത് നാഗാലാൻഡ് സ്വദേശിനിയായ സുഹൃത്തിനോടൊപ്പം നാഗാലാൻഡ് സ്വദേശികളുടെ വേഷത്തിൽ കഴിഞ്ഞുവരികയായിരുന്ന ധനുഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ദിമാപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ശൂരനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

