കരളലിയിക്കുന്ന കാഴ്ചയായി ശിൽപയും മക്കളും; വേണം നാടിന്റെ കൈതാങ്ങ്
text_fieldsചലന ശേഷിയില്ലാതെ കഴിയുന്ന ശിൽപയും മാതാവ് ഗീതയും
അഞ്ചൽ: മക്കൾക്ക് സർപ്രൈസ് നൽകാനായി ക്രിസ്മസ് തലേന്ന് വിദേശത്തുനിന്നും പറന്നിറങ്ങിയതാണ് ശിൽപ. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ആ യുവതിയുടെ സ്വപ്നങ്ങളും കുടുംബത്തിന്റെ പ്രതീക്ഷകളും അപകടം തകർത്തെറിഞ്ഞപ്പോൾ നാടിന്റെ കൈതാങ്ങ് മാത്രമാണ് ഇനി ആശ്രയം.
തടിക്കാട് മതുരപ്പ പ്രഭുൽ വിലാസത്തിൽ ശിൽപയാണ് അപകടമേൽപ്പിച്ച ദുരിതജീവിതത്തിൽ നിന്ന് രക്ഷതേടി സഹായം അഭ്യർഥിക്കുന്നത്. വാടക വീട്ടിൽ ചലനമറ്റ ശരീരവുമായി മക്കളെ പോലും ലാളിക്കാനാവാതെ ഒരേ കിടപ്പാണ്.
ദുബായ് എയർപോർട്ടിലെ എമിറേറ്റ്സ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലായിരുന്നു എം.എസ് സി കെമിസ്ട്രിയും പി.എച്ച്.ഡിയുമുള്ള ശിൽപക്ക് ജോലി. പുതിയൊരു ഇന്ത്യൻ കമ്പനിയിൽ കഴിഞ്ഞ ജനുവരി ആറിന് ജോലിയിൽ പ്രവേശിക്കാനാണ് ഡിസംബർ 24ന് ശിൽപ നാട്ടിലേക്ക് തിരിച്ചത്. മക്കളായ ദേവകിയെയും (ഒന്നാം ക്ലാസ്) ദേവദത്തിനെയും (എൽ.കെ.ജി) സർപ്രൈസ് ആയി കാണാൻ വേണ്ടി അമ്മ ഗീതയെ മാത്രമാണ് വരുന്ന വിവരം നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ ഡിസംബർ 24ന് ഉച്ചക്ക് 12.30ന് എയർപോർട്ടിലിറങ്ങി വീട്ടിലേക്ക് തിരിച്ച ശിൽപ സഞ്ചരിച്ച ടാക്സിയിൽ നിലമേൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു കയറുകയായിരുന്നു. 1.05ന് അമ്മ തിരികെ വിളിച്ചപ്പോൾ ഫോണെടുത്തത് ആശുപത്രി ജീവനക്കാരായിരുന്നു. അപകടത്തെത്തുടർന്ന് ആദ്യം ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട് മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ ജീവൻ തിരികെ കിട്ടിയെങ്കിലും ശിൽപയുടെ ജീവിതം ഇന്നും കിടക്കയിലാണ്.
അപകടത്തിന് ശേഷം ഭർത്താവിന്റെ സംരക്ഷണമോ പിന്തുണയോ ശിൽപക്ക് ലഭിക്കുന്നില്ല. കൈയ്യിലുണ്ടായിരുന്ന സ്വർണമടക്കം വിറ്റാണ് ചികിത്സ നടത്തിയത്. നിലവിൽ മതുരപ്പയിലെ വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. പിഞ്ചുമക്കളുടെയും പ്രായമായ അമ്മയുടെയും മുന്നിൽ നിസ്സഹായയായി കിടക്കുന്ന ശിൽപയുടെ കാഴ്ച കണ്ടുനിൽക്കുന്നവരുടെ കരളലിയിക്കുന്നതാണ്. നാട്ടുകാരുടെ ചെറിയ സഹായങ്ങൾ കൊണ്ടാണ് നിലവിൽ ഈ കുടുംബം മുന്നോട്ട് പോകുന്നത്.ശിൽപയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബം. തുടർചികിത്സക്കും മക്കളുടെ പഠനത്തിനുമായി നാട്ടുകാർ സഹായസമിതി രൂപവത്കരിച്ചു. സമിതി പ്രസിഡൻറ് ജി. അശോകന്റെയും ശിൽപയുടെ അമ്മ ഗീതയുടെയും പേരിൽ എസ്.ബി.ഐയുടെ പനച്ചവിള ബ്രാഞ്ചിൽ ജോയന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44589452472 (എസ്.ബി.ഐ പനച്ചവിള)
ഐ.എഫ്.എസ്.സി: SBIN0012880. ഫോൺ: 9846050125, 94468 44765. വിലാസം: ശിൽപ, പ്രഭുൽവിലാസം, മതുരപ്പ, തടിക്കാട് പി.ഒ അഞ്ചൽ കൊല്ലം, പിൻ- 691306. ഫോൺ: 8943627943.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

