ചൂരല്‍പൊയ്കയിലെ ടാർ മിക്സിങ് പ്ലാന്‍റിന് സ്റ്റോപ്പ് മെമ്മോ
text_fieldsകൊട്ടിയം: സുരക്ഷ മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചുവന്ന ടാർ ഹോട്ട് മിക്സിങ് പ്ലാന്‍റിനും കോണ്‍ക്രീറ്റ് മിക്സിങ് പ്ലാന്‍റിനും ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകി. കൊട്ടിയം ചൂരൽപൊയ്കയിൽ പ്രവർത്തിക്കുന്ന പ്ലാന്‍റിനാണ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയത്. കെ സ്വിഫ്റ്റ് മുഖേന അനുമതി നേടിയാണ് ടാർ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചത്. അഞ്ച് ടൺ മാത്രമാണ് കമ്പനിക്ക് പ്രതിദിന ടാർ ഉൽപാദന അനുമതി ഉണ്ടായിരുന്നത്. ഇതു മറച്ചുവെച്ചു ആയിരത്തിലധികം ടൺ ടാർ മിശ്രിതമാണ് ഇവിടെനിന്ന് ഉൽപാദിപ്പിച്ചത്.
രാസമാലിന്യം കലർന്ന വിഷപ്പുക ശ്വസിച്ച് പരിസരവാസികൾക്കും സമീപത്തെ സ്കൂൾ കുട്ടികൾക്കും കടുത്ത ശാരീരിക അസ്വസ്ഥത ഉണ്ടായി. സമീപത്ത് സ്കൂൾ അടക്കമുള്ള സ്ഥാപനങ്ങളും നൂറുകണക്കിന് വീടുകളും ഉണ്ടെന്നതു മറച്ചുവെച്ചായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്ന് കമ്പനി പ്രവര്‍ത്തനാനുമതി സമ്പാദിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെയുമാണ് പ്ലാന്‍റ് പ്രവർത്തിച്ചത്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ചൂരൽപൊയ്ക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കമ്പനിക്കെതിരെ അധികാരികൾക്ക് പരാതി നൽകി. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
കമ്പനി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി പഞ്ചായത്ത് നേരത്തെ രണ്ടു തവണ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അവ നിലനിൽക്കെ ദേശീയ പാതയിൽ കല്ലുംതാഴം ഭാഗത്തെ നിർമാണ തടസ്സം ഒഴിവാക്കാനെന്ന പേരിൽ നിശ്ചിത കാലയളവ് വരെ കമ്പനിക്ക് 1440 ടൺ മിശ്രിതം പ്രതിദിനം ഉൽപാദിപ്പിക്കാൻ ജില്ല ഭരണകൂടം ഇടപെട്ട് അനുമതി നൽകി. പരിസരവാസികളുടെ ദുരിതം കാണാതെയുള്ള അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കമ്പനിയിലേക്കുള്ള ഒരു കിലോമീറ്ററോളം വരുന്ന റോഡിന് മതിയായ വീതിയില്ലാത്തതും അഗ്നിരക്ഷ സേന വിഭാഗം നിഷ്കർശിച്ച സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കാത്തതും ചൂണ്ടിക്കാട്ടി സമിതി നല്‍കിയ പരാതിയില്‍ അഗ്നിരക്ഷസേന അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് വീണ്ടും കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. തണ്ണീര്‍ത്തടം നികത്തിയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ചൂരല്‍പൊയ്ക പാരിസ്ഥിതിക സംരക്ഷണ സമിതി നിയമപ്പോരാട്ടം തുടരുമെന്നും ജൈവവൈവിധ്യമേഖലയെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുമെന്നും സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

