പിക്അപും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
text_fieldsകുളത്തൂപ്പുഴ- അഞ്ചൽ പാതയിൽ കെ.എസ്.ആർ.ടി.സി ബസും പിക് അപ് വാനും കൂട്ടിയിടിച്ചപ്പോൾ
കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ കെ.എസ്.ആർ. ടി.സി ബസും പിക്അപ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കാലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ പിക് അപ് വാൻ ഡ്രൈവർ ചടയമംഗലം സ്വദേശി ലിജിനെ (36) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖത്ത് പരിക്കേറ്റ ബസ് യാത്രികൻ കുളത്തൂപ്പുഴ സ്വദേശി ഷാൻ കുളത്തൂപ്പുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെ കുളത്തൂപ്പുഴ-അഞ്ചൽ പാതയിൽ വലിയേലക്ക് സമീപമായിരുന്നു അപകടം.
കുളത്തൂപ്പുഴയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും ഇറച്ചി കോഴികളുമായി കുളത്തൂപ്പുഴയിലേക്ക് വന്ന പിക് അപ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുൻവശം പൂർണമായി തകർന്ന പിക്അപിൽ കുടുങ്ങിയ ഡ്രൈവർ ലിജിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

